ഓമശ്ശേരി:2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഓമശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ അതിദരിദ്രർക്ക്‌ നാലിടങ്ങളിലായി സംഘടിപ്പിച്ച ത്രിദിന മെഡിക്കൽ ക്യാമ്പിന്‌ വെണ്ണക്കോട്‌ സബ്‌ സെന്ററിൽ തുടക്കമായി.അതി ദരിദ്ര കുടുംബങ്ങൾക്ക്‌ എല്ലാ മാസവും പഞ്ചായത്തിന്റെ ഓമശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും പൂർണ്ണമായും സൗജന്യമായി നൽകുന്ന മരുന്നുകൾക്ക്‌ പുറമെ അവിടെ ലഭ്യമല്ലാത്ത മരുന്നുകൾ പദ്ധതിയിലുൾപ്പെടുത്തി അതിദരിദ്രർക്ക്‌ വാങ്ങി നൽകുന്ന പദ്ധതിക്കും ക്യാമ്പിൽ തുടക്കമായി.

പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഇൻ ചാർജ്ജ്‌ ഫാത്വിമ അബു ഉൽഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി,പഞ്ചായത്തംഗങ്ങളായ അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്‌,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ എന്നിവർ സംസാരിച്ചു.മെഡിക്കൽ ഓഫീസർ ഡോ:പി.രമ്യ സ്വാഗതവും ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്ടർ എം.പ്രനിഷ നന്ദിയും പറഞ്ഞു.അങ്കണവാടി വർക്കേഴ്സും ആശാ പ്രവർത്തകരും നേതൃത്വം നൽകി.

ആദ്യ ദിനത്തിൽ 8,9,10,11,12 വാർഡുകളിലെ അതിദരിദ്രർക്കുള്ള ക്യാമ്പ്‌ വെണ്ണക്കോട്‌ സബ്‌ സെന്ററിലും 2,3,4,5 വാർഡുകളിലുള്ളവർക്ക്‌ വേനപ്പാറ സബ്‌ സെന്ററിലുമാണ്‌ ക്യാമ്പുകൾ ഒരുക്കിയത്‌.ക്യാമ്പുകളിൽ വെച്ച്‌ സൗജന്യ മരുന്ന് വിതരണവും നടത്തി.1,14,17,18,19 വാർഡുകളിലുള്ളവർക്ക്‌ മങ്ങാട്‌ മുടൂർ സബ്‌ സെന്ററിൽ വെച്ച്‌ 24 ന്‌(വ്യാഴം) രാവിലെ 10 മണി മുതൽ 11.30 വരെ ക്യാമ്പും മരുന്ന് വിതരണവും നടക്കും.6,7,13,15,16 വാർഡുകളിലുള്ളവരുടെ ക്യാമ്പ്‌ 25 ന്‌(വെള്ളി) രാവിലെ 10 മുതൽ 12 മണി വരെ ഓമശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ചും നടക്കുമെന്ന് അധികൃതർ അറിയിച്ചു.വാർഷിക പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നും അമ്പതിനായിരം രൂപ ചെലവഴിച്ചാണ്‌ ക്യാമ്പുകളിൽ വെച്ച്‌ മരുന്നുകൾ സൗജന്യമായി വാങ്ങി നൽകുന്നത്‌.

ഫോട്ടോ:ഓമശ്ശേരിയിൽ അതിദരിദ്രർക്കുള്ള സൗജന്യ മരുന്ന് വിതരണം വാർഡിലേക്കുള്ളത്‌ ആശ പ്രവർത്തകർക്ക്‌ കൈമാറി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഇൻ ചാർജ്ജ്‌ ഫാത്വിമ അബു ഉൽഘാടനം ചെയ്യുന്നു.

Post a Comment

أحدث أقدم