താമരശ്ശേരി :
കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരായ അഡ്വ. നിജാസ് താമരശ്ശേരി, അഡ്വ. ബിനു വർഗീസ് എന്നിവർ തങ്ങളുടെ വിനോദ യാത്രയെ ‘യാത്രയാണ് ലഹരി’ എന്ന ശക്തമായ ഒരു സാമൂഹിക സന്ദേശവുമായി സംയോജിപ്പിച്ച് സമൂഹത്തോടുള്ള ഉത്തരവാദിത്വം എന്ന നിലയിൽ സ്വയം പ്രേരിതമായ ഒരു ലഹരി വിരുദ്ധ ബോധവൽക്കരണ സംരംഭമായി ഏറ്റെടുത്തു.
ഇന്ത്യയുടെ സൗന്ദര്യം ആസ്വദിക്കുക എന്ന ഉദ്ദേശത്തോടെ കേരളത്തിൽ നിന്ന് ഭാരത് ദർശൻ യാത്ര ഫേസ്-2 (വടക്ക്-കിഴക്കൻ ചലഞ്ച്) ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽതന്നെ അവർ സാമൂഹിക പ്രതിബദ്ധതയുള്ള ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നു .
ഇതിന് പ്രേരകമായത് കഴിഞ്ഞ കുറേ ദിവസങ്ങളിലായി കേരളത്തിന്റെ വിവിധഭാഗങ്ങളിൽ ലഹരിക്കടിമകളായ യുവാക്കൾ നടത്തിയ ക്രൂരമായ കൊലപാതകങ്ങൾ ആണ്.
കേരളത്തിലെ യുവാക്കൾക്കിടയിലെ മയക്കുമരുന്ന് ദുരുപയോഗം ഭയാനകമായ രീതിയിൽ വർധിച്ചതിനാൽ, മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനായി ‘യാത്രയാണ് ലഹരി’ എന്ന പ്രചോദനാത്മകമായ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിൻ്റെ അപകടങ്ങളെക്കുറിച്ച് കുട്ടികളെയും, യുവ ജനങ്ങളെയും, കർഷകരെയും ബോധവൽക്കരിക്കാൻ അവർ തങ്ങളുടെ വിനോദ യാത്രയെ രാഷ്ട്രത്തോടുള്ള സാമൂഹ്യ ഉത്തരവാദിത്തമായി സമർപ്പിച്ചു.
വടക്ക്-കിഴക്കൻ ചാലഞ്ച്
17 സംസ്ഥാനങ്ങൾ, ഒരു കേന്ദ്രഭരണ പ്രദേശം, അഞ്ച് അന്താരാഷ്ട്ര അതിർത്തികൾ, മ്യാൻമാർ, നേപ്പാൾ, ഭൂട്ടാൻ എന്നിവ കാണുവാനായി ലക്ഷ്യമിട്ട് 60 ദിവസത്തെ യാത്ര 2025 മാർച്ച് 2 ന് കേരളത്തിൽ നിന്ന് ആരംഭിച്ചു. ഏകദേശം 20,000 km ദൂരം ഈ യാത്രയിൽ സഞ്ചരിക്കാൻ ആണ് ഇവർ ഉദ്ദേശിക്കുന്നത്.
2023-ൽ ഭരത് ദർശൻ യാത്രാ ഫേസ്-1 (ഹിമാലയൻ ചലഞ്ച്) വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്നാണ് ഈ യാത്ര ആരംഭിച്ചത്. 24 ദിവസത്തെ ഹിമാലയൻ ചാലഞ്ചിൽ അവർ 11 സംസ്ഥാനങ്ങൾ, അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങൾ, രണ്ട് അന്താരാഷ്ട്ര അതിർത്തികൾ എന്നിവയിലൂടെ 9,145 km സഞ്ചരിച്ചു. അവരുടെ ഭാവിയിലുള്ള യാത്രകളിൽ ഭാരത് ദർശൻ യാത്ര ഫേസ്-3 ഉൾപ്പെടുന്നു. അത് ഇന്ത്യയിലെ ശേഷിക്കുന്ന പ്രദേശങ്ങളെ ഉൾക്കൊള്ളുന്നു.
തങ്ങളുടെ യാത്രകളിലൂടെ അഡ്വ. നിജാസും അഡ്വ. ബിനുവും ഇന്ത്യയുടെ പൈതൃകം അടുത്തറിയുവാനും അവധിക്കാലം ഫലപ്രദമായി ഉപയോഗിക്കാനും യുവാക്കളെ ആഹ്വാനം ചെയ്യുന്നു.
യാത്ര അറിവിൻ്റെയും പ്രചോദനത്തിൻ്റെയും ഉറവിടമാകുമെന്നും യുവാക്കളെ അർത്ഥവത്തായ ലക്ഷ്യങ്ങളിലേക്കും വിവിധ ലഹരി മരുന്നുകളോടുള്ള ആസക്തി, മദ്യത്തിൻ്റെ ദുരുപയോഗം, അമിതമായ ഇൻ്റർനെറ്റ് ഉപഭോഗം തുടങ്ങിയ തെറ്റായ പ്രവണതകളിൽ നിന്നും അകറ്റിനിർത്താനും ഉള്ള ഒരു മാർഗ്ഗം ആണെന്നും അവർ ഊന്നിപ്പറയുന്നു
മയക്കുമരുന്ന് ഉപയോഗത്തിനെതിരായ പോരാട്ടം
അവരുടെ ലഹരി വിരുദ്ധ കാമ്പെയ്നുകൾ സ്‌കൂളുകൾ, കർഷകർ, പൊതു ഇടങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് നടത്തുന്നത്. അവിടെ അവർ ലഹരിമരുന്ന് ആസക്തിയെയും അതിൻ്റെ അനന്തരഫലങ്ങളെയും കുറിച്ച് അഭിസംബോധന ചെയ്യുന്ന സംവേദനാത്മകമായ സെഷനുകൾ നടത്തുന്നു.
നിയമത്തിൽ ബിരുദവും; മാനേജ്മെൻറ്, എക്കണോമിക്സ്, സോഷ്യൽ വർക്ക് എന്നിവയിൽ ബിരുദാനന്ദര ബിരുദവും നേടിയശേഷമാണ് താമരശ്ശേരി സ്വദേശിയായ നിജാസ് അഭിഭാഷകനായി കേരള ഹൈകോടതിയിൽ പ്രാക്ടീസ് ചെയ്യുന്നത്. സുബൈദ മാതാവ്, മൂസ പിതാവ്, അജ്മൽ സഹോദരൻ, നെജുമ സഹോദരി.
നിയമം, എൻജിനിയറിങ് എന്നിവയിൽ ബിരുദവും; മാനേജ്മെറ്റിൽ ബിരുദാനന്ദര ബിരുദവും, ഡോക്ടറേറ്റും നേടിയശേഷമാണ് മുണ്ടക്കയം സ്വദേശിയായ ബിനു വർഗീസ് അഭിഭാഷകനായി കേരള ഹൈകോടതിയിൽ പ്രാക്ടീസ് ചെയ്യുന്നത്. ക്ഷേമ ആൻഡ്രൂസ് ഭാര്യ, ഗ്രീഷ്മ ആൻ മാത്യു, രേഷ്മ കാതറിൻ മാത്യു എന്നിവർ മക്കൾ.
إرسال تعليق