സുൽത്താൻബത്തേരി: പ്രകൃതിഭംഗിയാൽ സമ്പന്നവും മഹത്തരമായ സംസ്കാരം ഉൾക്കൊള്ളുന്നതുമായ വയനാടിന്റെ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ആവശ്യമായ പിന്തുണനൽകുമെന്ന് പ്രിയങ്കാഗാന്ധി എംപി പറഞ്ഞു.
ബത്തേരി സപ്‌ത റിസോർട്ടിൽ അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻ ഇന്ത്യയുടെ ദേശീയ ടൂറിസം കൺവെൻഷൻ ഉദ്ഘാടനംചെയ്യുകയായിരുന്നു പ്രിയങ്ക.
ജില്ലയുടെ ഏതുഭാഗത്തും സംസ്കാരസമ്പന്നമായ കാഴ്ചകളാണ്. മനോഹരമായ സമതലങ്ങളും മലനിരകളും അരുവികളുമടങ്ങുന്ന വയനാട് തദ്ദേശീയമായ സംസ്‌കാരങ്ങളാലും വേറിട്ട ടൂറിസം കേന്ദ്രമാണ്. അതിനെ പ്രധാന ടൂറിസം കേന്ദ്രമാക്കി ഉയർത്തികൊണ്ടുവന്ന് സുസ്ഥിരമാക്കുന്നതിനുള്ള നടപടികൾ ഓരോരുത്തരും ചെയ്യണമെന്നും പ്രിയങ്ക പറഞ്ഞു.
വയനാട് ടൂറിസം ഓർഗനൈസേഷന്റെ സഹകരണത്തോടെ ഇരുനൂറിലേറെ ടൂർ ഓപ്പറേറ്റർമാരെ പങ്കെടുപ്പിച്ചാണ് ദേശീയ ടൂറിസം കൺവെൻഷൻ സംഘടിപ്പിക്കുന്നത്. കൺവെൻഷന്റെ ഭാഗമായി ബിസിനസ് ടു ബിസിനസ് മീറ്റ്, ടൂർ ഓപ്പറേറ്റർമാരുമായി ചർച്ച, വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സന്ദർശനം തുടങ്ങിയവ നടക്കും.
എടിടിഒഐ പ്രസിഡൻ്റ് സുഭാഷ് ഘോഷ് അധ്യക്ഷതവഹിച്ചു. ഫൈസൽ കൊട്ടിക്കോളൻ മുഖ്യപ്രഭാഷണം നടത്തി. എംഎൽഎമാരായ എ.പി. അനിൽകുമാർ, ഐ.സി. ബാലകൃഷ്‌ണൻ, ടി. സിദ്ദിഖ്, കൺവീനർ പി.കെ. അനീഷ്‌കുമാർ, വയനാട് ടൂറിസം ഓർഗനൈസേഷൻ പ്രസിഡന്റ് കെ.ആർ. വാഞ്ചീശ്വരൻ, സെക്രട്ടറി ജിഹാദ് ഹുസൈൻ, രാമനുണ്ണി നായർ തുടങ്ങിയവർ സംസാരിച്ചു.
إرسال تعليق