ഷാരോണ്‍ വധക്കേസിൽ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. മൂന്നാം പ്രതി അമ്മാവൻ നിര്‍മല കുമാരന്‍ നായര്‍ കുറ്റക്കാരനാണെന്നും കോടതി വിധിച്ചു. ശിക്ഷാ വിധി നാളെയുണ്ടാകും. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.

ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഗൂഢാലോചന കേസിൽ പ്രതിയാണ്. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി നൽകിയതെന്നാണ് കേസ്.

ഷാരോണും ഗ്രീഷ്മയുമായി വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു. മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോള്‍ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി വിദ്ഗദമായി പാരാസെറ്റാമോൾ കലർത്തിയ ജൂസ് ഷാരോണിനെ കൊണ്ട് ആദ്യം കുടിപ്പിച്ചു. ദേഹാസ്വാസ്ഥ്യമുണ്ടായെങ്കിലും ഷാരോണ്‍ രക്ഷപ്പെട്ടു. പിന്നീടാണ് പളുകിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തിൽ കീടനാശിനി കലർത്തി കൊടുത്തത്.

2022 ഒക്ടോബർ 25. തിരുവന്തപുരം മെഡിക്കൽ കോളജിലെ ഐസിയുവിൽ ഷാരോൺ രാജ് മരണത്തിന് കീഴങ്ങി. പതിനൊന്ന് ദിവസം മുൻപ് ഒക്ടോബർ 14-നാണ് അവശനിലയിൽ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നേദിവസം ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സുഹൃത്ത് ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകുകയായിരുന്നു.

ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ ശ്രമിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആദ്യം ജ്യൂസിൽ പാരസെറ്റാമോൾ കലർത്തി നൽകി. ജ്യൂസ് ചലഞ്ച് എന്ന് പറഞ്ഞായിരുന്നു മരുന്നു കലർത്തി നൽകിയത്. എന്നാൽ, അന്ന് ഷാരോൺ രക്ഷപ്പെട്ടു.

രണ്ടാമത്തെ ശ്രമത്തിൽ ഗ്രീഷ്മ വിജയിച്ചു. മജിസ്ട്രേറ്റിന് നൽകിയ മരണമൊഴിയിൽ പോലും ഷാരോൺ ഗ്രീഷ്മയെക്കുറിച്ച് ഒന്നും പറഞ്ഞില്ല. പക്ഷേ, അച്ഛനോടും സുഹൃത്തിനോടും ഗ്രീഷ്മ ചതിച്ചെന്ന് വെളിപ്പെടുത്തി.

ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരുടെ സഹായത്തോടെ ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തി എന്നാണ് കേസ്. ആദ്യം പാറശാല പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. 2022 ഒക്ടോബർ 30-ന് ഗ്രീഷ്മയേയും ബന്ധുക്കളേയും അന്വേഷണ സംഘം ചോദ്യം ചെയ്തു. ആറുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഗ്രീഷമയുടെ കുറ്റസമ്മതം. ഒക്ടോബർ 31-ന് അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയിലിരിക്കെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ വെച്ച് ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു.


2023 ജനുവരി 25-ന് നെയ്യാറ്റിൻകര സെഷൻസ് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രത്തിൽ 142 സാക്ഷികൾ. കൊലപാതകം, കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ തട്ടിക്കൊണ്ടുപോകാൽ, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഭവം നടന്നത് തമിഴ്നാട്ടിലായതിനാൽ വിചാരണ അങ്ങോട്ടേക്ക് മാറ്റണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കേടതിയും സുപ്രീംകോടതിയും തള്ളി. ഒരുവർഷത്തോളം ജയിലിൽ കിടന്ന ശേഷമാണ് ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

Post a Comment

أحدث أقدم