കൂടരഞ്ഞി പെരുമ്പൂള കൂരിയോട്
ഇറങ്ങിയത് പുലി തന്നെയെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്.


തിരുവമ്പാടി : വീടിനോടുചേർന്ന പറമ്പിൽ ആടുകളെ തീറ്റിക്കുന്നതിനിടെ പുലിയെത്തി. ഓടിരക്ഷപ്പടുന്നതിനിടെ വീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്.
കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പൂള കൂരിയോട് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. പരിക്കേറ്റ പൈക്കാട്ട് ജോസഫിന്റെ ഭാര്യ ഗ്രേസി(56)യെ കൂടരഞ്ഞിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആടുകളെ പിടിക്കാൻ പുലി വന്നപ്പോൾ ആടുകൾ ചിതറിയോടിയെന്നും തുടർന്ന്, തന്റെനേരേ പാഞ്ഞടുത്തപ്പോൾ ഓടിരക്ഷപ്പെടുന്നതിനിടെ വീഴുകയായിരുന്നുവെന്നും ഗ്രേസി പറഞ്ഞു.

തലയ്ക്കും കൈകാലുകൾക്കുമാണ് പരിക്ക്. കാൽവിരലിനും കൈക്കും പൊട്ടലുണ്ട്. കഴിഞ്ഞമാസം വളർത്തുനായയുമായി ആടിനെ പുല്ലുതീറ്റിക്കുന്നതിനിടെ ഗ്രേസിയുടെ നായയെ കൺമുന്നിൽ പുലി പിടിച്ചുകൊണ്ടുപോയിരുന്നു.

ആനയോട്, കൂരിയോട്, ചുള്ളിയകം പ്രദേശങ്ങൾ മാസങ്ങളായി പുലിഭീതിയിൽ കഴിയുകയാണ്. വളർത്തുമൃഗങ്ങളെ പിടിച്ചുകൊണ്ടുപോകുന്നതും കൊല്ലുന്നതും ആവർത്തിക്കുന്നു.
കഴിഞ്ഞ ഡിസംബറിൽ താഴെ പെരുമ്പൂള കൂരിയോട് എക്കാലയിൽ തോമസിന്റെ വളർത്തുപട്ടിയെ വീട്ടിൽനിന്ന് പിടിച്ചുകൊണ്ടുപോയി.

കഴിഞ്ഞമാസം പൈക്കാട്ട് ജോളിയുടെ ആടിനെയും അജ്ഞാതജീവി കടിച്ചുകൊന്നിരുന്നു. ചുള്ളിയകം, കൂരിയോട് ആദിവാസി കോളനി പരിസരങ്ങളിലായാണ് ക പുലിയുടെ സാന്നിധ്യം.


പുറത്തിറങ്ങാനാകാതെ...

പുലിഭീതിയിൽ പുറത്തിറങ്ങാനാകാതെ വീടിനകത്ത് അടച്ചിരിപ്പാണ് പലകുടുംബങ്ങളും. രാവിലെ കുട്ടികളെ സ്കൂളിൽ പറഞ്ഞയക്കാൻ രക്ഷിതാക്കൾ ഭയപ്പെടുന്നു. കർഷകർ വളർത്തുമൃഗങ്ങളെ ആക്രമിക്കാതിരിക്കാൻ ഉറക്കമിളച്ചിരിക്കുന്നു. പലയിടത്തും ടാപ്പിങ് നിർത്തിവെച്ചിരിക്കുകയാണ്. കടുവയുടെയും പുലികളുടെയും സാന്നിധ്യം ആവർത്തിക്കുമ്പോഴും ഇവയെ പിടികൂടുന്ന കാര്യത്തിൽ ഇരുട്ടിൽത്തപ്പുകയാണ് വനംവകുപ്പ്.


പൂവാറൻതോട്, കൂമ്പാറ ആനയോട്, കക്കാടംപൊയിൽ വാളംതോട്, തിരുവമ്പാടി പഞ്ചായത്തിലെ മേലെ പൊന്നാങ്കയം, കരിയാത്തൻപാറ, ആനക്കാംപൊയിൽ, മുത്തപ്പൻപുഴ, മറിപ്പുഴ, കോടഞ്ചേരി പഞ്ചായത്തിലെ കണ്ടപ്പൻചാൽ പതങ്കയം ഡാം സൈറ്റ് തുടങ്ങി മലയോരമേഖലയിലെ വിവിധസ്ഥലങ്ങളിലായി കഴിഞ്ഞ രണ്ടുവർഷത്തിനിടെ പത്തിലേറെത്തവണയാണ് ഒറ്റയ്ക്കും കൂട്ടമായും പുലിസാന്നിധ്യമുണ്ടായത്. ഇതുവരെ ആളപായമുണ്ടായില്ലെന്നുമാത്രം. പലയിടങ്ങളിലും വളർത്തുമൃഗങ്ങളെ കൊല്ലുകയും ആക്രമിക്കുകയുമുണ്ടായി.


നിരീക്ഷണം ശക്തമാക്കി

താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ചിന്റെ കീഴിലുള്ള പീടികപ്പാറ സെക്ഷന്റെ അധീനതയിലുള്ള സ്ഥലങ്ങളാണ് പെരുമ്പൂള കൂരിയോട്, ചുള്ളിയകം പ്രദേശങ്ങൾ. ആർ.ആർ.ടി.യുടെ നേതൃത്വത്തിൽ നിരീക്ഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് സെക്ഷൻ ഓഫീസർ പി. സുബീർ ‘മാതൃഭൂമി’യോടുപറഞ്ഞു. കൂരിയോട് നിരീക്ഷണ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. കാൽപ്പാടുകൾ കണ്ടെത്താത്തതിനാൽ കടുവയാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. അതേസമയം, കടുവയുടെ സാധ്യത തള്ളിക്കളയാൻ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച രാവിലെമുതൽ തിരച്ചിൽ ഊർജിതപ്പെടുത്തുന്നതാണ്.

വന്യമൃഗഭീഷണിയിൽ കഴിയുന്ന കൂരിയോട്, ചുള്ളിയകം പ്രദേശങ്ങളിൽ വനംവകുപ്പ് നിരീക്ഷണം ഊർജിതപ്പെടുത്തണമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ആവശ്യപ്പെട്ടു. പരിക്കേറ്റ ഗ്രേസിയെ പ്രസിഡന്റ് ആശുപത്രിയിൽ സന്ദർശിച്ചു.
കടുവയെ ഉടൻ പിടികൂടി ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് ആർ.ജെ.ഡി. കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ജനം പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്. യോഗത്തിൽ പ്രസിഡന്റ് ജിമ്മി ജോസ് പൈമ്പിള്ളിൽ അധ്യക്ഷനായി.

Post a Comment

أحدث أقدم