തിരുവനന്തപുരം: ഗ്രാമീണമേഖലയില്‍ സമ്പൂര്‍ണകുടിവെള്ളം ലക്ഷ്യമിട്ട് തുടങ്ങിയ ജലജീവന്‍ മിഷനില്‍ ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക്. ഇതുവരെ നാലു ലക്ഷത്തിലേറെപേര്‍ കുടിവെള്ള കണക്ഷന്‍ ഉപേക്ഷിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. സൗജന്യമായി കുടിവെള്ളം ലഭിക്കുമെന്ന് കരുതി കണക്ഷനെടുത്തവരാണ് ഭൂരിഭാഗവും. കണക്ഷന്‍ ലഭിച്ചിട്ടും കുടിവെള്ളം കിട്ടാത്തവരും ഇക്കൂട്ടത്തിലുണ്ട്.

അഞ്ചുവര്‍ഷംകൊണ്ട് 20.06 ലക്ഷം കണക്ഷനാണ് ജലജീവന്‍ മിഷന്‍പ്രകാരം നല്‍കിയത്. കാലാവധി ഒരുവര്‍ഷംകൂടി നീട്ടി നല്‍കണമെന്ന് സംസ്ഥാനം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൊത്തം ചെലവിന്റെ 10 ശതമാനം ഗുണഭോക്താക്കളില്‍ നിന്ന് ഈടാക്കണമെന്നായിരുന്നു കേന്ദ്രനിര്‍ദേശം. എന്നാല്‍, കേരളത്തില്‍ ഇതുവരെ ഉപഭോക്തൃവിഹിതമോ തദ്ദേശസ്ഥാപനങ്ങളുടെ വിഹിതമോ ഈടാക്കിയിട്ടില്ല.

പകുതി കേന്ദ്രസര്‍ക്കാരും ബാക്കി പകുതി സംസ്ഥാന സര്‍ക്കാരുമാണ് നല്‍കുന്നത്. സംസ്ഥാനവിഹിതത്തില്‍ 15 ശതമാനം തദ്ദേശസ്ഥാപനങ്ങളാണ് നല്‍കേണ്ടിയിരുന്നത്. ഗുണഭോക്തൃവിഹിതവും തദ്ദേശസ്ഥാപനങ്ങളുടെ വിഹിതവും സംബന്ധിച്ച് ഇതുവരെ വ്യക്തതവന്നിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം കൃത്യമായി നല്‍കാനാവാതെ വന്നതോടെ ജലജീവന്‍മിഷന്‍ നിശ്ചലമാണിപ്പോള്‍.

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 15,000 ലിറ്റര്‍ മാസ ഉപഭോഗമുള്ളവര്‍ക്കു മാത്രമാണ് കുടിവെള്ളം സൗജന്യം. 144 രൂപയാണ് മിനിമം നിരക്ക്. ഉപഭോഗം കൂടുന്നതനുസരിച്ച് നിരക്കില്‍ കാര്യമായ വര്‍ധനയുണ്ട്. കുടിവെള്ളത്തിന്റെ ബില്ല് വന്നതോടെയാണ് പലരും കണക്ഷന്‍ വിച്ഛേദിക്കല്‍ ആവശ്യപ്പെട്ട് ജല അതോറിറ്റിയെ സമീപിച്ചത്. കിണറുകള്‍ അടക്കം കുടിവെള്ളത്തിന് മറ്റു മാര്‍ഗങ്ങളുള്ളവരാണ് ഇവരിലേറെയും.

Post a Comment

أحدث أقدم