ഓമശ്ശേരി: മാലിന്യ മുക്തം നവകേരളം ജനകീയ ശുചിത്വ കാമ്പയിന്റെ ഭാഗമായി ഓമശ്ശേരിയിൽ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു.മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഓമശ്ശേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ഹരിത സഭയിൽ കൂടത്തായ് ആസാദ് സ്കൂൾ,ഓമശ്ശേരി വിദ്യാപോഷിണി എൽ.പി.സ്കൂൾ,പുത്തൂർ ജി.യു.പി.സ്കൂൾ,ചാമോറ എൽ.പി.സ്കൂൾ,കൂടത്തായി സെന്റ് മേരീസ് സ്കൂൾ,കെടയത്തൂർ എൽ.പി.സ്കൂൾ,വേനപ്പാറ സ്കൂൾ,ചാത്ത-വെണ്ണക്കോട് സ്കൂൾ,കൂടത്തായ് എജ്യു പാർക്ക് എന്നീ വിദ്യാലയങ്ങളിൽ നിന്നും ഇരുനൂറോളം ബാലവിദ്യാർത്ഥികൾ പങ്കെടുത്തു.
കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ശുചിത്വ ബോധവൽക്കരണ കലാ പരിപാടികളും ബാലികാ-ബാലന്മാരുടെ നിറസാന്നിദ്ധ്യവും ഹരിത സഭയെ നവ്യാനുഭവമാക്കി.സ്കൂളുകളെ പ്രതിനിധീകരിച്ച് വിദ്യാർത്ഥി പ്രതിനിധികൾ ശുചിത്വ മേഖലയിൽ അതത് സ്കൂളുകളിൽ നടത്തുന്ന പ്രവർത്തനങ്ങളും അധികൃതരുടെ ശ്രദ്ധ പതിയേണ്ട വിഷയങ്ങളും പ്രതിപാദിച്ച് വിശദമായ റിപ്പോർട്ട് അവതരിപ്പിച്ചു.15 വർഷത്തിലധികമായി ഓമശ്ശേരി പഞ്ചായത്ത് ഓഫീസിൽ പാർട്ട് ടൈം സ്വീപ്പറായി ജോലി ചെയ്യുന്ന മുതിർന്ന പൗരൻ കൊടുവള്ളി സ്വദേശി കെ.കെ.ബാലനെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.ലോക ശൗചാലയ ദിനത്തിന്റെ ലോഗോ ചടങ്ങിൽ വെച്ച് പ്രകാശനം ചെയ്തു.ശുചിത്വ പ്രതിജ്ഞയെടുത്താണ് ഹരിതസഭ സമാപിച്ചത്.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്വിമ അബു ഉൽഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ കെ.ലാജുവന്തി ക്ലാസ്സെടുത്തു.ക്ഷേമകാര്യ സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി,പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,സൈനുദ്ദീൻ കൊളത്തക്കര,കെ.ആനന്ദകൃഷ്ണൻ,കെ.പി.രജിത,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,ബീന പത്മദാസ്,അസിസ്റ്റന്റ് സെക്രട്ടറി പി.ബ്രജീഷ് കുമാർ,ഹെൽത്ത് ഇൻസ്പെക്ടർ ഒ.എം.സുനു,പി.ഇ.സി.കൺവീനർ വി.ഷാഹിന ടീച്ചർ എന്നിവർ സംസാരിച്ചു.
ഫോട്ടോ:ഓമശ്ശേരിയിൽ കുട്ടികളുടെ ഹരിതസഭ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്വിമ അബു ഉൽഘാടനം ചെയ്യുന്നു.
إرسال تعليق