തിരുവമ്പാടി :
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പാറപ്പുറം,വാപ്പാട്ട് തുടങ്ങിയ ജനവാസ മേഖലയോട് ചേർന്ന കൽപ്പൂര് ഭാഗത്ത്
കിൽകോത്തഗിരി എസ്റ്റേറ്റിനുള്ളിൽ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചതിന് ഗ്രാമ പഞ്ചായത്ത് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് 25000 രൂപ പിഴയിട്ടു.
ടയറുകൾ കത്തിക്കുമ്പോഴുള്ള ദുർഗന്ധവും കറുത്ത പുകയും അന്തരീക്ഷമലിനീകരണവും ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് എസ്റ്റേറ്റ് അധികൃതർക്ക് മുൻപ് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിരുന്നു, ഇത് ലംഘിച്ചാണ് വീണ്ടും ടയർ കത്തിച്ചത്.
എസ്റ്റേറ്റിലെ റബ്ബർ പാൽ കയറ്റി അയക്കാൻ കൊണ്ടുവരുന്ന ഇരുമ്പ് ബാരലുകളിലെ ഓയിൽ അവശിഷ്ടങ്ങൾ ഒഴിവാക്കുന്നതിനായി ശാസ്ത്രീയ മാർഗ്ഗങ്ങൾ സ്വീകരിക്കാതെയാണ് ബാരലുകൾ അട്ടിയിട്ട് അതിൽ ടയറുകൾ തൂക്കിയിട്ട് കത്തിക്കുന്നത്.
പരിശോധനയ്ക്ക് ഗ്രാമപഞ്ചായത്ത് എൻഫോഴ്സ്മെന്റ് ടീം അംഗങ്ങളായ ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, ഗ്രാമപഞ്ചായത്ത് ക്ലാർക്ക് ഷർജിത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി പി മുഹമ്മദ് ഷമീർ, കെ ഷാജു , കെ ബി ശ്രീജിത്ത്, മുഹമ്മദ് മുസ്തഫ ഖാൻ, ശരണ്യ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
പാഴ് വസ്തുക്കൾ ഹരിത കർമ്മസേനയ്ക്ക് നൽകാതെയും ശാസ്ത്രീയമായി സംസ്ക്കരിക്കാതെയും വലിച്ചെറിയുകയും കത്തിക്കുകയും ചെയ്യുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരവും പഞ്ചായത്ത് രാജ് ആക്ട് പ്രകാരവും കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എസ്സ് ഷാജുവും മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയയും അറിയിച്ചു.
.
إرسال تعليق