ഓമശ്ശേരി:
ജല ജീവൻ മിഷനു വേണ്ടി വെട്ടിപ്പൊളിച്ച് കാൽ നട പോലും ദു:സ്സഹമായ ഗ്രാമീണ റോഡുകൾ പൂർവ്വ സ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ കോഴിക്കോട് മലാപറമ്പിലുള്ള കേരള വാട്ടർ അതോറിറ്റിയുടെ ജില്ലാ ഓഫീസിനു മുന്നിൽ നടത്തിയ കിടപ്പ് സമരം ഫലം കണ്ടു.രാവിലെ 10 മണിക്ക് ജില്ലാ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിനു മുന്നിലെത്തിയ ജനപ്രതിനിധികൾ മുദ്രാവാക്യം വിളികളുമായി നിലത്ത് കിടന്ന് പ്രതിഷേധിക്കുകയായിരുന്നു.
പ്രശ്നത്തിന് പരിഹാരമാവാതെ തിരിച്ചു പോകില്ലെന്ന് പ്രഖ്യാപിച്ച് കിടന്ന് പ്രതിഷേധിച്ച ജനപ്രതിനിധികളുടെ ആവശ്യങ്ങൾ നീണ്ട ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം അധികൃതർ അംഗീകരിക്കുകയായിരുന്നു.തീരുമാനങ്ങൾ ബന്ധപ്പെട്ടവർ എഴുതി ഒപ്പിട്ട് നൽകിയതോടെ വൈകുന്നേരം നാലു മണിക്കാണ് കിടപ്പ് സമരം അവസാനിപ്പിച്ചത്.
പഞ്ചായത്തിന്റെ വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി പ്രവൃത്തി നടക്കേണ്ട സ്പിൽ ഓവർ വർക്കുകളും പുതിയ വർക്കുകളുമടങ്ങുന്ന 57 ഗ്രാമീണ റോഡുകൾ ജനു:20 നകവും മറ്റുള്ള മുഴുവൻ റോഡുകളും ഫെബ്രുവരി 20 നകവും റീസ്റ്റോർ ചെയ്യുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ.ഐ.കുര്യാക്കോസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ഉറപ്പ് നൽകുകയും പ്രസ്തുത തീരുമാനം എഴുതി നൽകുകയും ചെയ്തു.രണ്ട് വർഷം മുമ്പ് കുഴിയെടുത്ത് മൂടിയ ഗ്രാമീണ റോഡുകളാകമാനം റീസ്റ്റോർ ചെയ്യാത്തതിനാൽ പൊട്ടിപ്പൊളിഞ്ഞ് തകർന്ന് കിടക്കുകയാണ്.പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി പുനരുദ്ധാരണത്തിന് ഫണ്ട് വകയിരുത്തിയ റോഡുകൾ പോലും പ്രവൃത്തി നടത്താൻ കഴിയാത്ത സങ്കീർണ്ണ സാഹചര്യം നിലനിൽക്കുന്ന ഘട്ടത്തിലാണ് ജനപ്രതിനിധികൾ കിടപ്പ് സമരവുമായി ജില്ലാ ഓഫീസിലെത്തിയത്.ഈ വിഷയമുന്നയിച്ച് പലവുരു ഭരണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരങ്ങൾ നടത്തിയിരുന്നു.വാട്ടർ അതോറിറ്റി ജീവനക്കാരെ പഞ്ചായത്ത് ഓഫീസിൽ പൂട്ടിയിട്ടും ജല ജീവൻ മിഷൻ പ്രവൃത്തി തടഞ്ഞും ജനപ്രതിനിധികൾ കടുത്ത പ്രതിഷേധവും അതൃപ്തിയും അധികൃതരെ അറിയിച്ചെങ്കിലും ഇവയൊന്നും ഫലം കാണാതെ വന്നതോടെയാണ് ഭരണസമിതി യോഗം കിടപ്പ് സമരം ആസൂത്രണം ചെയ്തത്.
കിടപ്പ് സമരത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക് ഉൽഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്വിമ അബു,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി,പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,എം.എം.രാധാമണി ടീച്ചർ,സൈനുദ്ദീൻ കൊളത്തക്കര,ഒ.പി.സുഹറ,കെ.ആനന്ദകൃഷ്ണൻ,എം.ഷീജ ബാബു,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത് എന്നിവർ സംസാരിച്ചു.
ഫോട്ടോ:
1-അധികൃതർ ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ കിടപ്പ് സമരം അവസാനിപ്പിച്ചതായി ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ പ്രഖ്യാപിക്കുന്നു.
2-ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ കോഴിക്കോട് മലാ പറമ്പിലുള്ള കേരള വാട്ടർ അതോറിറ്റിയുടെ ജില്ലാ ഓഫീസിനു മുന്നിൽ നടത്തിയ കിടപ്പ് സമരം.
إرسال تعليق