കോടഞ്ചേരി :
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പത്തൊമ്പതാം വാർഡ് കണ്ണോത്ത് പ്രദേശത്ത് തോട്ടിലേക്കും റോഡിലേക്കും കഴിഞ്ഞദിവസം രാത്രി സാമൂഹ്യവിരുദ്ധർ നിക്ഷേപിച്ച കക്കൂസ് മാലിന്യം മൂലം പകർച്ചവ്യാധികൾ പടാതിരിക്കുന്നതിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ സമീപ പ്രദേശത്തിലെ കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു.
മെഡിക്കൽ ഓഫീസർ ഡോക്ടർ ഹസീനയുടെ നേതൃത്വത്തിൽ നാല് സ്വകൂളുകൾ ആയി തിരിഞ്ഞ് കണ്ണോത്ത് അങ്ങാടിയിൽ തുടങ്ങുന്ന നീർച്ചാൽ മുതൽ അമ്പാട്ട് പടി വരെയുള്ള കണ്ണോത്ത് തോടിന് ഇരുവശവും ഉള്ള മുഴുവൻ കിണറുകളിലും ആരോഗ്യപ്രവർത്തകർ ക്ലോറിനേഷൻ നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ നേതൃത്വത്തിൽ മെഡിക്കൽ ഓഫീസർ , ഹെൽത്ത് ഇൻസ്പെക്ടർമാർ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ ,ജെ പി എച് എൻ മാർ , ആശാവർക്കർമാർ , വർഡ് തല സാനിറ്റേഷൻ സമിതി അംഗങ്ങൾ തുടങ്ങിയവർ സൂപ്പർ ക്ലോറിനേഷൻ യജ്ഞത്തിൽ സംബന്ധിച്ചു .
പൊതു ജലാശയങ്ങളും സാധാരണക്കാർ സഞ്ചരിക്കുന്ന റോഡും എല്ലാം കക്കൂസ് മാലിന്യം നിക്ഷേപിച്ച് മലീമസമാക്കിയ സാമൂഹ്യവിരുദ്ധർക്കെതിരെ കർക്കശമായ നിയമ നടപടികൾ സ്വീകരിക്കാനുള്ള പ്രവർത്തനങ്ങൾ വിവിധ കോണുകളിൽ നിന്ന് ആരംഭിച്ചു
ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലും കോടഞ്ചേരി പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലും പരിശോധനകളും അന്വേഷണങ്ങളും പുരോഗമിച്ചു വരുന്നു
പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് തക്കതായ പ്രതിഫലം നൽകുന്നതാണെന്നും
ഒറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷ നടപടികൾ സ്വീകരിക്കുന്നതാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു
കക്കൂസ് മാലിന്യം തള്ളിയതിനെ തുടർന്ന് കണ്ണോത്ത് ഹൈസ്കൂൾ പരിസരത്തൂടെ ഒഴുകുന്ന നീർച്ചാൽ, കണ്ണോത്ത് തോട് തുടങ്ങിയവയിൽ മാലിന്യ ഒഴുകിയതിനാൽ സമീപപ്രദേശത്തെ നിരവധി വീടുകൾ മഞ്ഞപ്പിത്ത ഭീഷണി നേരിടുന്നുണ്ട്
നിരവധി കുടുംബങ്ങൾ സാമ്പത്തിക ഞെരുക്കത്തിലും വില കൊടുത്തു കുടിവെള്ളം മേടിച്ചു കുടിക്കേണ്ട ദുരവസ്ഥയിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്
പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്നും മഞ്ഞപ്പിത്തം അടക്കമുള്ള പകർച്ചവ്യാധികൾ പകരാനുള്ള സാധ്യത പരമാവധി ഇല്ലാതാക്കാനുള്ള വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങൾ കുടുംബാരോഗി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്നുണ്ട് എന്നും അറിയിച്ചു.
إرسال تعليق