ചെന്നൈ: പാമ്പുകടിയേല്‍ക്കുന്നതിനെ അതീവ ഗൗരവമായി കാണാനുള്ള നടപടികളുമായി തമിഴ്‌നാട് സര്‍ക്കാര്‍. പാമ്പുകടിക്കുന്നതിനെ പൊതുജനാരോഗ്യ നിയമത്തിനുകീഴില്‍ ഉള്‍പ്പെടുത്തിയതായി സര്‍ക്കാര്‍ അറിയിച്ചു. സമീപകാലത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചതോടെയാണ് നടപടി.

വിവരശേഖരണം, ക്ലിനിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, പാമ്പുകടി മൂലമുള്ള മരണങ്ങള്‍ തടയാന്‍ മറുമരുന്ന് ലഭ്യമാക്കല്‍ എന്നിവ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.

ഈ വര്‍ഷം ജൂണ്‍ ഏഴുവരെ 7,300 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ പാമ്പുകടിയേറ്റത്. ഇതില്‍ 13 പേര്‍ മരിച്ചു. 2023-ല്‍ 19,795 കേസുകളിലായി 43 പേരും 2022-ല്‍ 15,120 സംഭവങ്ങളിലായി 17 പേരും മരിച്ചു.

പാമ്പുകടിച്ച എല്ലാ സംഭവങ്ങളും ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെടാത്തത് വിവരശേഖരണത്തിൽ തടസംവരുത്തിയെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു. ചികിത്സയ്ക്ക് ആവശ്യമായ ആൻ്റി വെനം ആവശ്യമുള്ളിടത്ത് ലഭ്യമാക്കാൻ വിവരശേഖരണം കൂടുതൽ ശക്തമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളിലൊന്ന് ഉണ്ടായിരുന്നിട്ടും, പാമ്പുകടിയേല്‍ക്കുന്നതിനെതിരെയുള്ള പ്രതിരോധമരുന്ന് മതിയായ അളവില്‍ ലഭ്യമല്ലാത്തത് ചികിത്സയില്‍ കാലതാമസത്തിനും തുടര്‍ന്നുള്ള മരണത്തിനും ഇടയാക്കുന്നത് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തീരുമാനം. 2030-ഓടെ പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ പകുതിയായി കുറയ്ക്കാനാണ് ഈ കര്‍മപദ്ധതി ലക്ഷ്യമിടുന്നത്.

Post a Comment

أحدث أقدم