കോഴിക്കോട്:
കോഴിക്കോട് കോട്ടൂളിയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ബസ് ഓടിച്ചുകയറ്റിയെന്ന് കേസ്.
സംഭവത്തിൽ കോഴിക്കോട്-നരിക്കുനി റൂട്ടിലോടുന്ന സ്വകാര്യബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടൂളിയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. അതേസമയം, മുഖ്യമന്ത്രിയുടെ വാഹനമാണെന്ന് അറിഞ്ഞില്ലെന്നാണ് ഡ്രൈവറുടെ പ്രതികരണം.
ബാലസംഘത്തിന്റെ പരിപാടിക്ക് ശേഷം കോഴിക്കോട്ടെ തന്നെ മറ്റൊരു പരിപാടിക്കായി മുഖ്യമന്ത്രി പോകുമ്പോഴാണ് അപകടമുണ്ടായത്. സ്റ്റോപ്പിൽ നിർത്തിയിരുന്ന ബസ് വാഹനവ്യൂഹം ശ്രദ്ധിക്കാതെ മുന്നോട്ട് എടുക്കുകയായിരുന്നു. മുമ്പിലുള്ള എസ്കോർട്ട് വാഹനം കടന്ന് പോയതിന് ഇടയിലേക്കാണ് ബസ് കയറിയത്. അശ്രദ്ധമായും അപകടമായും വാഹനമോടിച്ചതിന് ബസ് ഡ്രൈവർ രാജേഷിനെതിരെ കേസ് എടുത്തിട്ടുണ്ട്. ഉടൻ തന്നെ ബസ് ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ആർക്കും പരിക്കില്ല.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വാഹനവും അകമ്പടി വാഹനങ്ങളും കൂട്ടത്തോടെ കൂട്ടിയിടിച്ചിരുന്നു. അമിത വേഗതയിൽ വന്ന മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ, റോഡ് മുറിച്ചുകടന്ന സ്‌കൂട്ടറിൽ ഇടിക്കാതിരിക്കാനായി സഡൻ ബ്രേക്കിട്ടതായിരുന്നു അപകട കാരണം. മുന്നിൽ പോയ വാഹനം ബ്രേക്കിട്ടപ്പോൾ പുറകെ വന്ന വണ്ടികൾ ഒന്നിനുപിറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു.
إرسال تعليق