കൽപ്പറ്റ: 
തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി പ്രിയങ്കാ ഗാന്ധി അടുത്തയാഴ്ച മണ്ഡലത്തിൽ എത്തുമെന്ന പ്രതീക്ഷയിലാണ് വയനാട്ടിലെ യുഡിഎഫ് ക്യാമ്പ്. 22നോ 23നോ മണ്ഡലത്തിലെത്തുന്ന പ്രിയങ്ക 25ന് മുമ്പ് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

കന്നിയങ്കത്തിനെത്തുന്ന പ്രിയങ്കയ്ക്കൊപ്പം രാഹുൽ ഗാന്ധിയും മറ്റു കുടുംബാംഗങ്ങളുമ ണ്ടാകും. 

പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടഭ്യർത്ഥിക്കാൻ സാധിക്കുന്ന രീതിയിലാണ് പ്രിയങ്കഗാന്ധിയുടെ പ്രചാരണ പരിപാടികൾ തയ്യാറാക്കുന്നത്.

മുഴുവൻ മണ്ഡലങ്ങളിലും റോഡ് ഷോ ഉൾപ്പടെയുള്ള പരിപാടികൾ തയ്യാറാക്കുന്നുണ്ട്.

 തുടക്കത്തിൽ ഏഴ് ദിവസം വയനാട്ടിലെ പ്രചാരണപരിപാടികൾക്കായി പ്രിയങ്കാഗാന്ധി മാറ്റിവെക്കുമെന്നാണ് സൂചന. 

ജാർഖണ്ഡിലും മഹാരാഷ്ട്രയിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടത്തേണ്ടതിനാൽ ഇതു കൂടി പരിഗണിച്ചാവും വയനാട്ടിലെ പ്രചാരണത്തിൻ്റെ അടുത്ത ഘട്ടം തീരുമാനിക്കുക.

 രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ച രണ്ട് തവണയും പ്രചാരണത്തിനായി അധിക സമയം വയനാട്ടിൽ ചെലവഴിക്കാൻ സാധിച്ചിട്ടില്ലെങ്കിലും പ്രിയങ്ക സ്ഥാനാർത്ഥിയായി എത്തുമ്പോൾ ഈ  സാഹചര്യത്തിൽ മാറ്റം വരുമെന്ന് എ. ഐ സി.സി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ തന്നെ വ്യക്തമാക്കിയിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷൻ തിയ്യതി പ്രഖ്യാപിച്ച ഉടൻ തന്നെ മണ്ഡലത്തിൽ പ്രചാരണത്തിന് തുടക്കമിട്ടിട്ടുണ്ട് യുഡിഎഫ് ക്യാമ്പ്. ചുവരെഴുത്തുകളിലും പോസ്റ്ററുകളിലും പ്രിയങ്കാ ഗാന്ധി നിറഞ്ഞുകഴിഞ്ഞു. ഓരോ മണ്ഡലത്തിലും മുതിർന്ന നേതാക്കൾക്ക് ചുമതല നൽകിയാണ് പ്രചാരണം.

Post a Comment

أحدث أقدم