ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം രംഗത്ത്. പാണക്കാട് കുടുംബത്തെയും സാദിഖലി തങ്ങളെയും അപമാനിച്ചാൽ ലീഗ് പ്രവർത്തകർക്ക് പ്രതിരോധിക്കേണ്ടി വരും. ഇത്തരം ആളുകളെ നിലക്കു നിർത്താൻ സമസ്‌ത തയ്യാറാവണമെന്നും, ഉമർ ഫൈസി മുക്കത്തിന് പിന്നിൽ സിപിഎമ്മാണെന്നും പി.എം.എ സലാം പറഞ്ഞു. സർക്കാർ ഏതോ കമ്മറ്റിയിൽ നൽകിയ നക്കാപിച്ചക്ക് പ്രത്യുപകാരം ചെയ്യുകയാണ് ഉമർ ഫൈസിയെന്ന് പി.എം.എ സലാം കുറ്റപ്പെടുത്തി.
മുസ്‌ലിം ലീഗിനെതിരായ മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്കെതിരെയും പി.എം.എ സലാം എതിർത്ത്. സി.പി.എം. എതിർക്കുന്നത് മുസ്‌ലിം ലീഗിനെയല്ല, ഇസ്‌ലാമിനെയാണ്. ഇവർക്ക് കുതിരകയറാനുള്ള മതമല്ല ഇസ്‌ലാം. പ്രചാരണങ്ങൾക്ക് പിന്നിൽ ഇസ്‌ലാം വിരുദ്ധതയാണെന്നും സലാം കുറ്റപ്പെടുത്തി.
നേരത്തെ കോഓഡിനേഷൻ ഓഫ് ഇസ്‍ലാമിക് കോളജസ് (സി.ഐ.സി), ഖാസി ഫൗണ്ടേഷൻ വിഷയങ്ങളിൽ രൂക്ഷ വിമർശനവുമായി സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം രംഗത്തെത്തിയിരുന്നു.
സമസ്തയെ വെല്ലുവിളിച്ച് പുതിയ കൂട്ടായ്മ ഉണ്ടാക്കുന്നുവെന്നും അതിരുവിട്ടാൽ ആയുധങ്ങൾ പുറത്തെടുക്കുമെന്നും ഉമർ ഫൈസി മുക്കം വ്യക്തമാക്കി. യോഗ്യതയില്ലാത്ത പലരും ഖാസിമാരായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തനിക്ക് ഖാസി ആവണമെന്ന് ചിലർക്കുണ്ട്. രാഷ്ട്രീയത്തിന്‍റെ പേരിൽ ഖാസിയാക്കാൻ ചിലരുണ്ട്. ഖാസിയാകാൻ ഇസ് ലാമിക നിയമങ്ങളുണ്ട്. അത് പാലിക്കാതെ പലരും ഖാസി ആകുന്നു. മുമ്പിൽ വരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള വിവരം ഒരു ഖാസിക്ക് വേണം. അത് ഉണ്ടെന്ന് അവർ അവകാശപ്പെടുന്നില്ല. കിത്താബ് ഓതിയ ആളാണെന്ന് ആരും പറയുന്നുമില്ല.
സി.ഐ.സി വിഷയത്തിൽ സമസ്ത ഒരു കാര്യം പറഞ്ഞു. അത് കേൾക്കാനും തയാറില്ല. പണ്ട് അങ്ങനെയാണോ. സമസ്ത പറയുന്ന കാര്യങ്ങളുടെ കൂടെയാണ് സാദാത്തുക്കൾ നിന്നിരുന്നത്, ഇതിന് തയാറാകുന്നില്ല. ഇപ്പോൾ സമസ്തയെ വെല്ലുവിളിച്ച് വേറെ പാർട്ടി ഉണ്ടാക്കുകയാണ്. നമ്മുടെ കൈയിൽ ആയുധങ്ങളുണ്ടെന്ന് അവർ കരുതിയിരുന്നോണം. ആയുധങ്ങൾ ഉള്ളത് കൊണ്ട് നമ്മളത് ദുരുപയോഗം ചെയ്യാതെ, ആവശ്യം വരുമ്പോൾ അത് എടുക്കുമെന്ന ഭയം നിങ്ങൾക്കുള്ളത് നല്ലതാ. നിങ്ങൾ അതിരുവിട്ട് പോകുന്നുണ്ട്.
വിവരമില്ലാത്തവരെ ഖാസിയാക്കിയാൽ അവിടത്തെ ഖാസിയല്ലേ ആവുകയുള്ളൂ. എല്ലാവരെയും വിളിച്ചുകൂട്ടി ഖാസി ഫൗണ്ടേഷൻ, ഇതിന്‍റെ അർഥമെന്താണ്. ഇതൊന്നും നമുക്ക് അറിയില്ലെന്ന് വിചാരിച്ചോ?. ഖാസിമാരെ നമുക്കറിയാം, എന്നാൽ ഖാസി ഫൗണ്ടേഷൻ എന്ന് കേട്ടിട്ടുണ്ടോ?" -ഉമർ ഫൈസി മുക്കം ചൂണ്ടിക്കാട്ടി.
إرسال تعليق