കൊച്ചി: 
കുരുന്നുകള്‍ ഇന്ന് അറിവിന്റെ ആദ്യാക്ഷര മധുരം നുകരും. ലോകമെമ്പാടുമുള്ളവര്‍ ഇന്ന് വിജയദശമി ആഘോഷിക്കുകയാണ്. വിജയദശമി നാളിലാണ് കുട്ടികള്‍ വിദ്യാരംഭം കുറിക്കുന്നത്.

ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ക്കായി വന്‍ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. തിരൂര്‍ തുഞ്ചന്‍പറമ്പ് അടക്കമുള്ള എഴുത്തിനിരുത്ത് കേന്ദ്രങ്ങളില്‍ സാംസ്‌കാരിക പ്രമുഖരുടെ നേതൃത്വത്തിലാണ് പരിപാടികള്‍.


നവരാത്രി ആഘോഷങ്ങളുടെ പത്താം ദിവസമാണ് വിജയദശമി എന്നറിയപ്പെടുന്ന ദസറ ആഘോഷിക്കുന്നത്. ദസറ എന്നത് രാക്ഷസ രാജാവായ രാവണനുമേല്‍ ശ്രീരാമന്‍ നേടിയ വിജയം ആഘോഷിക്കുന്ന ഉത്സവമാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അസുര രാജാവായ മഹിഷാസുരനെ ദുര്‍ഗാ ദേവി വധിച്ചതിന്റെ ആഘോഷമാണ്. ദുര്‍ഗ പൂജ
ആഘോഷങ്ങളുടെ അവസാനം കൂടിയാണ് ഈ ദിവസം. ആദിപരാശക്തി, സരസ്വതിദേവിയായി മാറുന്നത് വിജയദശമി നാളിലാണ്.

കൊല്ലൂര്‍ മൂകാംബികയില്‍ ഇന്നും വിദ്യാരംഭ ചടങ്ങുകള്‍ തുടരും.
നവരാത്രി മഹോത്സവത്തിന് സമാപനമായെങ്കിലും ആദ്യക്ഷരം കുറിക്കാന്‍ മലയാളികളുടെ തിരക്ക് തുടരുകയാണ്. പതിവുപോലെ രാവിലെ ആറുമുതല്‍ സരസ്വതി മണ്ഡപത്തിലാണ് ചടങ്ങുകള്‍. ഇന്നലെ വിജയദശമി ദിനത്തില്‍ യാഗശാലയില്‍ ഉള്‍പ്പെടെ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. നൂറുകണക്കിന് കുട്ടികളാണ് മൂകാംബികയ്ക്ക് മുന്നില്‍ വിദ്യാരംഭം കുറിച്ചത്. പഞ്ചാംഗവിധി പ്രകാരം തീയതിയില്‍ മാറ്റം വന്നതോടെയാണ് കര്‍ണാടകയില്‍ ഇന്നലെയും കേരളത്തില്‍ ഇന്നും വിജയദശമി ആഘോഷിക്കുന്നത്.

Post a Comment

أحدث أقدم