ചെന്നൈ: 
സാങ്കേതിക തകരാറിനെ തുടർന്ന് റൺവേയിൽ ഇറക്കാനാകാതെ തിരിച്ചിറപ്പള്ളിയുടെ ആകാശത്ത് രണ്ടര മണിക്കൂറിലേറെ വട്ടമിട്ട് പറന്ന് മനോധൈര്യം കൊണ്ട് വിമാനത്തിന് സുരക്ഷിത ലാൻഡിങ് ഒരുക്കിയ എയർ ഇന്ത്യ വിമാനത്തിന്റെ വനിതാ പൈലറ്റ് ക്യാപ്റ്റൻ ഡാനിയൽ പെലിസക്ക് അഭിന്ദന പ്രവാഹം.



141 യാത്രക്കാരുമായി ഷാർജയിലേക്ക് പറന്നുയർന്ന ഉടനെ തന്നെ വിമാനത്തിന്റെ സാങ്കേതികത്തകരാർ ശ്രദ്ധയിൽ പെട്ടെങ്കിലും നിറയെ ഇന്ധനമുള്ളതും ചക്രങ്ങൾ യഥാസ്ഥാനത്തല്ലാത്തതും ലാൻഡിങ് ഗിയർ ഉള്ളിലേക്ക് പോകാത്തതിനാലും റൺവേയിൽ നിലത്തിറക്കാനാവാത്ത സ്ഥിതിയിലായിരുന്നു വിമാനം. പിന്നെ, പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം വിലപ്പെട്ട ജീവനുകളുമായി ആകാശത്തിനും ഭൂമിക്കുമിടയിൽ, ദുരന്തം കൺമുമ്പിൽ കണ്ട് പരിചയസമ്പത്തും മനോധൈര്യവും കൈവിടാതെയുള്ള, പ്രാർത്ഥനകളുടെയും അസാമാന്യമായ ഭഗീര യത്‌നങ്ങളുടെയും അമ്പരപ്പുളവാക്കുന്ന നീണ്ട രണ്ടര മണിക്കൂറായിരുന്നു.



ആകാശത്ത് വട്ടമിട്ട് ഇന്ധനമെല്ലാം ചോർത്തിക്കളഞ്ഞ് ലാൻഡിങ്ങിനിടെയുള്ള തീ പിടുത്ത സാധ്യത ഇല്ലാതാക്കലായിരുന്നു പ്രഥമ ലക്ഷ്യം. അങ്ങനെ വിമാനത്തിലെ ഇന്ധനമെല്ലാം വായുവിൽ കത്തിച്ചുകളഞ്ഞ് ആശങ്കകളുടെ വലിയൊരു കാർമേഘം കാറ്റിൽ പറത്തുകയാണ് പൈലറ്റ് ഡാനിയൽ പെലിസ ചെയ്തത്. 

ഒപ്പം ഏത് അടിയന്തര സാഹചര്യവും നേരിടാൻ പാകത്തിലുള്ള സംവിധാനങ്ങൾ ഒരുക്കാൻ എയർപോർട്ടിൽ സന്ദേശവും കൈമാറി.

 എയർ ഇന്ത്യയുടെ എ.എക്‌സ്.ബി 613 വിമാനം രണ്ട് മണിക്കൂറും 33 മിനുട്ടിനും ശേഷം സുരക്ഷിതവും സന്തോഷകരവുമായ ലാൻഡിങ്ങിന് കളമൊരുക്കിയതോടെ സമൂഹമാധ്യമങ്ങളിൽ നിറയെ പൈലറ്റിനും ക്രൂവിനുമുള്ള മനസ്സറിഞ്ഞ അഭിനന്ദന പ്രവാഹമാണിപ്പോൾ.


സാങ്കേതിക തകരാർ കാരണം പറന്ന് മുന്നോട്ടുപോകാനും നിറയെ ഇന്ധനമുള്ളതിനാൽ ലാൻഡ് ചെയ്യാനും പറ്റാത്ത വല്ലാത്തൊരു അവസ്ഥയിലാണ് വിമാനം പൈലറ്റ് സുരക്ഷിതമായി താഴെ ഇറക്കിയത്.

 പൈലറ്റിന്റെ പരിചയസമ്പത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ബലത്തിലാണവർ അവസാനനിമിഷം വരെയും ജീവിതത്തിനും മരണത്തിനുമിടയിൽനിന്ന് വിമാനം നിയന്ത്രിച്ചത്.

 സിനിമയിൽ കാണുന്ന നാടകീയതകളെയെല്ലാം വെല്ലുംവിധം വൻ അപകടത്തിൽനിന്നാണവർ അത്യസാധാരണമായ ആത്മധൈര്യത്തിലൂടെ കാര്യങ്ങളെ ലക്ഷ്യത്തോടടുപ്പിച്ചത്. അങ്ങനെ ആശങ്കകകളുടെ, കൺമുമ്പിലെ ദുരന്തത്തിന്റെ വൻ കൊടുമുടിയാണവർ ഒന്നുമല്ലാതാക്കിയത്.

വെള്ളിയാഴ്ച വൈകീട്ട് 5.40ന് പറന്നുയർന്ന ട്രിച്ചി-ഷാർജ വിമാനം രാത്രി 8.15-ഓടെയാണ് ലാൻഡിങ് നടത്തിയത്. രാത്രി എട്ടരയോടെ ഷാർജയിൽ എത്തേണ്ട വിമാനമാണിത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തപ്പോൾ നിറഞ്ഞ കൈയടിയായിരുന്നു എങ്ങും. പൈലറ്റിനെയും ക്യാബിൻ ക്രൂവിനെയും അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻഅടക്കമുള്ളവർ രംഗത്തെത്തി.

 യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച് അന്വേഷണത്തിന് ഉത്തരവിട്ട എയർ ഇന്ത്യ അധികൃതർ യാത്രാക്കാരെ മറ്റൊരു വിമാനത്തിൽ ഷാർജയിലെത്തിക്കാൻ നടപടി സ്വീകരിച്ചതായും അറിയിച്ചു.

Post a Comment

أحدث أقدم