കൊച്ചി: അപകടമരണങ്ങൾ ആവർത്തിക്കുന്നത് കെ.എസ്.ഇ.ബി ജീവനക്കാരിൽ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുന്നു. കരാർ തൊഴിലാളികൾ ഉൾപ്പെടെ നാലുമാസത്തിനിടെ സംസ്ഥാനത്ത് 10 ലൈൻമാൻമാരാണ് മരിച്ചത്. ഇതിൽ ഏഴും ഷോക്കേറ്റുള്ള മരണമാണ്. മേയ്, ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് ഈ മരണങ്ങൾ സംഭവിച്ചത്. 2023ൽ വൈദ്യുതി വകുപ്പിലെ 10 പേർ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടിരുന്നു.
വൈദ്യുതി പ്രവഹിക്കുന്ന ഫീഡറുകളുടെ ഫ്യൂസ് ഊരുന്നത് മാറിപ്പോകുക, ഫീഡർ ചാർജ് ചെയ്യുന്നത് മാറിപ്പോകുക, ഇന്റർ ലിങ്ക്ഡ് പോസ്റ്റുകളിൽ വൈദ്യുതി പൂർണമായി നിർത്താതിരിക്കുക എന്നിവയാണ് അപകടങ്ങളുടെ പ്രധാന കാരണം. ജീവനക്കാരുടെ കുറവ്, അമിത ജോലിഭാരം, വൈദ്യുതി സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിലെ വീഴ്ച തുടങ്ങിയവ അപകടങ്ങളിലേക്ക് നയിക്കുന്നതായി ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
വൈദ്യുതി കണക്ഷനും ലൈനും കൂടുമ്പോഴും ആനുപാതികമായി ലൈൻമാൻമാരില്ലാത്ത അവസ്ഥയാണ്. എണ്ണൂറോളം സെക്ഷൻ ഓഫിസുകളിൽ ഭൂരിഭാഗവും താൽക്കാലിക ജീവനക്കാരാണ്. ഇവരുടെ നിയമനത്തിലും പലതരത്തിലുള്ള ഇടപെടലുകളുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.
പോസ്റ്റിൽ കയറാനാകാത്തവരും ആരോഗ്യ പ്രശ്നങ്ങളുള്ളവരും നിയമിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചുവരെയാണ് ലൈൻമാന്റെ ഡ്യൂട്ടി. തുടർന്ന് മൂന്ന് മണിക്കൂർ പീക്ക് അവർ ഡ്യൂട്ടിക്ക് രണ്ട് ലൈൻമാനും ഓവർസിയറും സബ് എൻജിനീയറുമുണ്ടാകും. ഇതിനെ പുറമെയാണ് മാറിമാറിയുള്ള നൈറ്റ് ഡ്യൂട്ടി. മുമ്പ് ഉപഭോക്താക്കളുടെ എണ്ണത്തിനനുസരിച്ചാണ് ലൈൻമാനെ നിയമിച്ചിരുന്നത്. ഭൂരിഭാഗം സെക്ഷൻ ഓഫിസിലും നാല് ലൈൻമാൻമാരുടെ വരെ കുറവാണുള്ളത്. മേൽനോട്ടം വഹിക്കേണ്ട ഉന്നത ഉദ്യോഗസ്ഥരുടെ അഭാവവും പല അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.
Also Read - അച്ഛന്റെ ആദര്‍ശം കൈവിടാതെ ജീവിക്കാന്‍ ആ കുഞ്ഞുങ്ങള്‍ക്കാകട്ടെ; വൈകാരിക കുറിപ്പുമായി രമേശ് ചെന്നിത്തല
അപകടം ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും ബോർഡിന്റെ അനാസ്ഥ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഇലക്ട്രിസിറ്റി എക്സിക്യൂട്ടിവ് സ്റ്റാഫ് ഓർഗനൈസേഷൻ ‘ജീവൻരക്ഷാ’ സമരം എന്ന പേരിൽ പ്രതിഷേധവുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചു. പ്രശ്നം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
കടപ്പാട് :മാധ്യമം
إرسال تعليق