ഓമശ്ശേരി:'മാലിന്യ മുക്തം,നവ കേരളം' പദ്ധതിയുടെ ഭാഗാമായി ഓമശ്ശേരി പഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു.ഓമശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന വിപുലമായ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരനാണ് പഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചത്.പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് സെക്രട്ടറി എം.പി.മുഹമ്മദ് ലുഖ്‌മാൻ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പഞ്ചായത്തംഗങ്ങളായ സൈനുദ്ദീൻ കൊളത്തക്കര,കെ.ആനന്ദകൃഷ്ണൻ,എം.ഷീജ ബാബു,ആയുർവ്വേദ മെഡിക്കൽ ഓഫീസർ ഡോ:വി.പി.ഗീത,ഹെൽത്ത് ഇൻസ്പെക്ടർ ഒ.എം.സുനു,ഹരിത കർമ്മ സേന ടീം ലീഡർ ടി.വി.സ്വീറ്റി എന്നിവർ സംസാരിച്ചു.പഞ്ചായത്തംഗം അശോകൻ പുനത്തിൽ നന്ദി പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷത്തോളമായി 'ഹരിതം,സുന്ദരം,ഓമശ്ശേരി'യെന്ന പേരിൽ പഞ്ചായത്തിൽ മാലിന്യ സംസ്കരണ പദ്ധതി വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്.അജൈവ മാലിന്യ സംസ്കരണത്തിനായി കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രീൻ വേംസുമായി ചേർന്ന് ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ വീടുകളിൽ നിന്ന് മാസാന്തവും സ്ഥാപനങ്ങളിൽ നിന്ന് ആവശ്യാനുസരണവും വാതിൽപ്പടി ശേഖരണം മാതൃകാപരമായി നടപ്പിലാക്കി വരുന്നു.ഓമശ്ശേരിയിൽ എം.സി.എഫും 19 വാർഡുകളിലും പ്രധാന കേന്ദ്രങ്ങളിൽ ബോട്ടിൽ ബൂത്തുകളും തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ എല്ലാ വാർഡുകളിലും മിനി എം.സി.എഫുകളും ഇതിനകം സ്ഥാപിച്ച് കഴിഞ്ഞു.താഴെ ഓമശ്ശേരിയിൽ കൊടുവള്ളി റോഡിൽ ശുചി മുറികളും ഫീഡിംഗ് റൂമുമുൾപ്പടെ ആധുനിക സൗകര്യങ്ങളുള്ള വഴിയോര വിശ്രമ കേന്ദ്രവും പ്രവർത്തനമാരംഭിച്ചു.അജൈവ മാലിന്യ സംസ്കരണത്തിനായി 10 ശതമാനം ഗുണഭോക്തൃ വിഹിതം ഈടാക്കി 1400 ബൊക്കാഷി ബക്കറ്റുകളും കമ്പോസ്റ്റ് പിറ്റുകളും വിതരണം ചെയ്തു.തൊഴിലുറപ്പ് പദ്ധതിയിലെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി സോക് പിറ്റ്,കമ്പോസ്റ്റ് പിറ്റുകളും വ്യാപകമായി സ്ഥാപിച്ച് കൊണ്ടിരിക്കുന്നു.
മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെയും ഹരിത കർമ്മ സേനക്ക് നൽകാത്തവർക്കെതിരെയും സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും ഓടകളിലേക്കും ജല സ്രോതസ്സുകളിലേക്കും മാലിന്യങ്ങൾ ഒഴുക്കി വിടുന്നവർക്കെതിരെയും മറ്റു ഹരിത നിയമ ലംഘനങ്ങൾക്കെതിരെയും പിഴ ഉൾപ്പടെ കടുത്ത ശിക്ഷയാണ് പഞ്ചായത്ത് നൽകി വരുന്നത്.ഇതിനായി പ്രത്യേകം ഹെൽത്ത് ഇൻസ്പെക്ടറെ പഞ്ചായത്ത് നിയമിച്ചിട്ടുണ്ട്.സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്തിനായി പൊതു ജനങ്ങൾ ആത്മാർത്ഥമായി സഹകരിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി അഭ്യർത്ഥിച്ചു.
ഫോട്ടോ:ഓമശ്ശേരിയെ സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്തായി പ്രസിഡണ്ട് പി.കെ.ഗംഗാധരൻ പ്രഖ്യാപിക്കുന്നു.
إرسال تعليق