തിരുവനന്തപുരം: എൻഡിഎക്കൊപ്പം ചേരാനുള്ള ജനതാദൾ സെക്യുലർ ദേശീയ നേതൃത്വത്തിൻ്റെ തീരുമാനത്തിൽ നിലപാട് പ്രഖ്യാപിച്ച് ജെഡിഎസ് കേരളാ ഘടകം. ബിജെപിക്കൊപ്പം പോകുന്ന എച്ച് ഡി ദേവെഗൗഡയ്ക്കൊപ്പമില്ലെന്നും ഇടത് മുന്നണിക്കൊപ്പം തുടരുമെന്നുമാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഒക്ടോബർ ഏഴിന് സംസ്ഥാന സമിതി യോഗം ചേർന്ന് പുതിയ പാർട്ടി രൂപീകരിക്കുന്നത് അടക്കമുള്ള പോംവഴികൾ തീരുമാനിക്കും.
ദേവെഗൗഡ ബിജെപി പാളയത്തിൽ ചേക്കേറിയതോടെ ഏറെ കലുഷിതമായ സാഹചര്യമാണ് സംസ്ഥാന ജെ ഡി എസ് നേരിടുന്നത്. ബിജെപിക്കൊപ്പം സഖ്യമുണ്ടാക്കിയാൽ ദേശീയ നേതൃത്വവുമായി ബന്ധം വിഛേദിക്കാൻ കഴിഞ്ഞയാഴ്ച ചേർന്ന സംസ്ഥാന ഭാരവാഹിയോഗം തീരുമാനിച്ചിരുന്നു.
നിലവിൽ കേരളാ നിയമസഭയിൽ രണ്ട് എംഎൽഎമാരാണ് ജെഡിഎസിനുള്ളത്. തിരുവല്ലയിൽ നിന്ന് മാത്യു ടി തോമസും പാലക്കാട് ചിറ്റൂരിൽ നിന്ന് കെ കൃഷ്ണൻകുട്ടിയും. ഇടത് മുന്നണിയിൽ തന്നെ തുടരുമെന്നാണ് കെ കൃഷ്ണൻകുട്ടിയുടെയും മാത്യു ടി തോമസിന്റെയും നിലപാട്. രണ്ടാം പിണറായി വിജയൻ സർക്കാരിൽ വൈദ്യുത വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് കെ കൃഷ്ണൻകുട്ടി.
എന്നാൽ ജെഡിഎസ് എന്ന പേര് ഉപയോഗിച്ച് ഇടതുമുന്നണിയിൽ തുടരുക അസാധ്യമാണ്. 2006ൽ കുമാരസ്വാമിയും സംഘവും ബിജെപിയുമായി സഹകരിച്ച് കർണ്ണാടകയിൽ സർക്കാർ രൂപീകരിച്ചപ്പോൾ സോഷ്യലിസ്റ്റ് ജനതാദൾ ഡെമോക്രാറ്റിക്ക് എന്ന പുതിയ പാർട്ടി രൂപീകരിച്ചായിരുന്നു കേരളഘടകം ഇടത് മുന്നണിയിൽ തുടർന്നത്. ഇന്നും അതേ വഴി തന്നെയാണ് കേരള നേതൃത്വത്തിന് മുന്നിലുള്ളത്.
പുതിയ പാർട്ടി രൂപീകരണം ഉൾപ്പെടെയുള്ള കാര്യങ്ങളാകും അടുത്ത മാസത്തെ യോഗത്തിൽ ചർച്ചയാവുക. ജെഡിഎസ് ചിഹ്നത്തിലാണ് കെ കൃഷ്ണൻകുട്ടിയും മാത്യു ടി തോമസും എംഎൽഎമാരായത്. പുതിയ പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കുന്നതിൽ കൂറുമാറ്റ നിരോധന നിയമം ബാധകമാകുമോയെന്ന് നിയമോപദേശം തേടാനും തീരുമാനിച്ചിട്ടുണ്ട്.
إرسال تعليق