ഓമശ്ശേരി: നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായുള്ള ഹരിത കേരളം,ലൈഫ്,ആർദ്രം,വിദ്യാകിരണം മിഷനുകളുടെ പ്രവത്തനങ്ങൾ ഓമശ്ശേരിയിൽ പുരോഗമിക്കുന്നു.മിഷനുകളുടെ പദ്ധതി നിർവ്വഹണവും പ്രവർത്തന പുരോഗതിയും വിലയിരുത്തുന്നതിനും തുടർ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുമായി പഞ്ചായത്ത് ഭരണസമിതി സംഘടിപ്പിച്ച ശിൽപശാലയിൽ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് കർമ്മ പദ്ധതികളാവിഷ്കരിച്ചു.മണ്ണ്,ജല സംരക്ഷണം,കൃഷി-പരിസ്ഥിതി സംരക്ഷിത കാർഷിക വികസന പ്രവർത്തനങ്ങൾ,നീരുറവ് സമഗ്ര മാസ്റ്റർ പ്ലാൻ,മാലിന്യ മുക്ത നവകേരളം പദ്ധതികളും ശിൽപശാലയിൽ ചർച്ച ചെയ്തു.
ഹരിതകേരളം മിഷന്റെ കീഴിൽ ജല ബജറ്റ്,മാപ്പത്തോൺ,ജല പരിശോധന ലാബ്,കൃഷി മേഖലയിലുള്ള തരിശ് രഹിത ഗ്രാമം,ഹരിത സമൃദ്ധി വാർഡ്,ഹരിത വിദ്യാലയം,ശുചിത്വ വിദ്യാലയം,പച്ചത്തുരുത്ത്,നെറ്റ് സീറോ കാർബൺ ജനങ്ങളിലൂടെ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ,ഹരിതമിത്രം,ഹരിതകർമ്മസേന പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും നടക്കുന്നത്.ആർദ്രം മിഷനിലുൾപ്പെടുത്തി സെക്കണ്ടറി പാലിയേറ്റീവ് കെയർ പ്രവർത്തനം,വെൽനസ് സെന്റർ,ക്യാൻസർ ഡീറ്റെക്ഷൻ സെന്റർ,ജീവതാളം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു.
വിദ്യാകിരണം പദ്ധതിയിൽ പ്രൈമറി സ്കൂളിൽ പ്രഭാത ഭക്ഷണം,യുവാക്കൾക്ക് കായിക പരിശീലനം,പ്രതിഭ ഫണ്ട്,കായികമേള,എൽ.എസ്.എസ്-യു.എസ്.എസ്.പരിശീലനം,പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി ഒപ്പത്തിനൊപ്പം പദ്ധതി, പ്രതിഭാധനരായ കുട്ടികൾക്ക് സ്കോളേഴ്സ് ഗോൾഡ്,ലഹരി വിരുദ്ധ ബോധവൽക്കരണം, ജൈവ വൈവിധ്യ വിദ്യാലയം,വോളി ബോൾ പരിശീലനം,പ്ലാസ്റ്റിക്ക് മുക്ത ക്യാമ്പസ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പഞ്ചായത്തിൽ പുരോഗമിക്കുന്നു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ നീരുറവ് നീർത്തട ഡി.പി.ആർ.തയ്യാറാക്കിയിട്ടുണ്ട്.ആക്ഷൻ പ്ലാൻ തയ്യാറാക്കി പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.ജല ബജറ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ത്വരിത ഗതിയിൽ പൂർത്തീകരിക്കാൻ ശിൽപശാല തീരുമാനിച്ചു.വാർഡ് തല വിവരശേഖരണത്തിനായി ജനപ്രതിനിധികളുടെ യോഗം വിളിച്ച് ചേർക്കാനും തീരുമാനമായി.പഞ്ചായത്തിൽ മിഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഹെൽത്ത് ഇൻസ്പെക്ടർ ഒ.എം.സുനുവിനെ നോഡൽ ഓഫീസറായി തെരഞ്ഞെടുത്തു.
ശിൽപശാല പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി,പഞ്ചായത്തംഗങ്ങളായ സൈനുദ്ദീൻ കൊളത്തക്കര,പി.കെ.ഗംഗാധരൻ,എം.ഷീജ ബാബു,കെ.പി.രജിത,മൂസ നെടിയേടത്ത്,പി.ഇബ്രാഹീം ഹാജി,സി.ഡി.എസ്.വൈസ് ചെയർപേഴ്സൺ ഷീല അനിൽ കുമാർ,പി.പി.അൽത്താഫ് മുഹമ്മദ് എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് സെക്രട്ടറി എം.പി.മുഹമ്മദ് ലുഖ്‌മാൻ,കൃഷി ഓഫീസർ പി.പി.രാജി,ഹെൽത്ത് ഇൻസ്പെക്ടർ കെ.എം.ഉണ്ണികൃഷ്ണൻ(ആർദ്രം),ഡോണ ഫ്രാൻസിസ് (ഹരിതകേരളം മിഷൻ),വി.ഇ.ഒ.ആശിഖ് കോയ തങ്ങൾ(ലൈഫ്),വി.ഷാഹിന ടീച്ചർ(വിദ്യാകിരണം),ജല സേചന വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ കെ.വിഷ്ണു(ജല ബജറ്റ്),ടി.ടി.ഫെബിൻ ഫഹദ്(തൊഴിലുറപ്പ്) എന്നിവർ വിവിധ വിഷയങ്ങളവതരിപ്പിച്ചു.പഞ്ചായത്തംഗം എം.ഷീല നന്ദി പറഞ്ഞു.
ഫോട്ടോ:നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഓമശ്ശേരിയിൽ സംഘടിപ്പിച്ച ശിൽപശാല പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്യുന്നു.
إرسال تعليق