തിരുവമ്പാടി : .കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡിന്റെ ഭാഗമായ യു.സി. മുക്ക്-താഴെ തിരുവമ്പാടി റോഡിലെ അഴുക്കുചാൽ നവീകരണപ്രവൃത്തി അശാസ്ത്രീയമെന്ന് ആക്ഷേപം. 
ചാലുകളിൽ അടിഞ്ഞുകൂടിക്കിടക്കുന്ന മണ്ണുൾപ്പെടെ മാലിന്യം നീക്കംചെയ്യാതെ നിർമാണപ്രവൃത്തി നടത്തുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.



റോഡരികിലെ ബഹുനില കെട്ടിടത്തിലേക്കുള്ള വഴിയിൽ അഴുക്കുചാലിൽ ഭീമമായ അളവിൽ മണ്ണ് അടിഞ്ഞുകൂടിക്കിടക്കുകയാണ്. അഴുക്കുചാലിനുമുകളിൽ വലിയ സ്ലാബ് പാകിയാണ് കെട്ടിടത്തിലേക്ക് സ്വകാര്യ വ്യക്തി റോഡ് പണിതിരിക്കുന്നത്. സ്ലാബ് പൊളിച്ച് കെട്ടിക്കിടക്കുന്ന മാലിന്യം പൂർണമായി നീക്കംചെയ്യേണ്ടതുണ്ട്.

എന്നാൽ ഇതിനുമുതിരാതെ മറ്റു ഭാഗങ്ങളിലെ മാലിന്യംമാത്രം നീക്കംചെയ്ത് സ്ലാബിടാനാണ് നീക്കമെന്ന് നാട്ടുകാർ പറയുന്നു. തോട്ടത്തിൻകടവ്, തിരുവമ്പാടി റോഡുകളിൽനിന്നും മഴവെള്ളം കുത്തിയൊലിച്ചെത്തുന്ന ജങ്ഷനാണിത്. മാലിന്യം നീക്കംചെയ്യാതിരുന്നാൽ റോഡിൽ
ഇത് രൂക്ഷമായ വെള്ളക്കെട്ടിനിടയാക്കും. സമീപവീടുകളിലടക്കം മഴവെള്ളം ഇരച്ചുകയറാൻ സാധ്യതയുണ്ട്. ഇതിന് എതിർവശത്തുണ്ടായിരുന്ന ബസ് കാത്തിരിപ്പുകേന്ദ്രം റോഡ് നവീകരണത്തിന്റെ ഭാഗമായി പൊളിച്ചുനീക്കിയിട്ട് നാലുവർഷമായി.

റോഡരികിൽ വെയിലുംമഴയും കൊണ്ടുവേണം യാത്രക്കാർക്ക് ബസ് വരുന്നതും കാത്തിരിക്കാൻ. ബസ് വെയിറ്റിങ് ഷെഡ് ഉടനെ പുനർനിർമിക്കണമെന്ന ആവശ്യവും ശക്തമാണ്. കേവലം 21.2 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നവീകരണപ്രവൃത്തി അഞ്ചുവർഷം പിന്നിട്ടിട്ടും പൂർത്തിയായില്ല.

ഫോട്ടോ:
യു.സി. മുക്ക്-താഴെ തിരുവമ്പാടി റോഡിൽ നടക്കുന്ന അഴുക്കുചാൽ നവീകരണപ്രവൃത്തി .

Post a Comment

أحدث أقدم