ന്യൂദൽഹി : സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികളെ സ്വന്തം പൗരൻമാരെപോലെയാണ് പരിഗണിക്കുന്നതെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ. ദൽഹിയിൽ ജി-20 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി മോഡിയുമായി നടത്തിയ ചർച്ചയിലാണ് എം.ബിഎസ് ഇക്കാര്യം പറഞ്ഞത്. സൗദി ജനസംഖ്യയുടെ 7 ശതമാനം ഇന്ത്യൻ വംശജരാണ്. അവരെ രാജ്യത്തിന്റെ അവിഭാജ്യ ഘടകമായി കണക്കാക്കുന്നതിനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധത അദ്ദേഹം പ്രകടിപ്പിച്ചു. 'ഞങ്ങൾ അവരെ സൗദി അറേബ്യയുടെ ഭാഗമായി കണക്കാക്കുന്നു. ഞങ്ങളുടെ സ്വന്തം പൗരന്മാരെ പരിപാലിക്കുന്നതുപോലെ ഞങ്ങൾ അവരെ നിരീക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു-എം.ബി.എസ് പറഞ്ഞു.
സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ശാശ്വതമായ പങ്കാളിത്തം എടുത്തുകാണിച്ച കിരീടാവകാശി, തങ്ങളുടെ ചരിത്രത്തിൽ ഇതുവരെ ഒരു അഭിപ്രായവ്യത്യാസവും ഉണ്ടായിട്ടില്ലെന്നും മറിച്ച് ഇരു രാജ്യങ്ങൾക്കും സമൃദ്ധമായ ഭാവി കെട്ടിപ്പടുക്കാൻ ലക്ഷ്യമിട്ടുള്ള സഹകരണ മനോഭാവമാണെന്നും അഭിപ്രായപ്പെട്ടു.
സൗദി അറേബ്യയിൽ വസിക്കുന്ന ഇന്ത്യക്കാരുടെ ക്ഷേമം വർധിപ്പിക്കുന്നതിൽ എം.ബി.എസ് നടത്തിയ ശ്രമങ്ങൾക്ക് മോദി നന്ദി അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഉറപ്പിച്ചുകൊണ്ട് കിരീടാവകാശിയും ഇന്ത്യൻ പ്രധാനമന്ത്രിയും ആദ്യ കൂടിക്കാഴ്ചയുടെ മിനിറ്റ്‌സിൽ ഒപ്പുവച്ചു.
കൂടാതെ, ഐടി, കൃഷി, ഫാർമസ്യൂട്ടിക്കൽസ്, പെട്രോകെമിക്കൽസ്, ഹ്യൂമൻ റിസോഴ്‌സ് തുടങ്ങി വിവിധ മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന രണ്ട് ഡസനിലധികം ധാരണാപത്രങ്ങൾ ഇന്ത്യൻ, സൗദി അറേബ്യൻ കമ്പനികൾ തമ്മിൽ ഒപ്പുവച്ചു.
إرسال تعليق