കോട്ടയ്ക്കൽ:
ലോകത്ത് ആരെ വേണമെങ്കിലും കുഞ്ഞീരുമ്മയ്ക്ക് പേരുവിളിക്കാം. ഇക്കയെന്നോ ഇത്തയെന്നോ ചേച്ചിയെന്നോ ചേട്ടനെന്നോ ഒന്നും വിളിക്കേണ്ട. പ്രായംകൊണ്ട് ലോകത്ത് ജീവിച്ചിരിക്കുന്ന എല്ലാവർക്കും മീതെയാണ് കുഞ്ഞീരുമ്മ.
ആധാർ കാർഡിൽ രേഖപ്പെടുത്തിയതനുസരിച്ച് ഇക്കഴിഞ്ഞ ജൂണിൽ 120 വയസ്സുതികഞ്ഞു അവർക്ക്. നിലവിൽ ലോകത്തിലെ ഏറ്റവും പ്രായംകൂടിയ വ്യക്തിയായി ഗിന്നസിൽ ഇടംനേടിയിട്ടുള്ള സ്പെയിനിലെ 116 വയസ്സുകാരിയായ മരിയ ബ്രാൻയാസിനെയും മറികടക്കുന്നു കുഞ്ഞീരുമ്മ. കുഞ്ഞീരുമ്മയ്ക്ക് ഇപ്പോഴും നന്നായി കണ്ണുകാണും, ചെവികേൾക്കും.
പ്രഷറില്ല, ഷുഗറില്ല-'ഹാപ്പി'യാണ്. വളാഞ്ചേരിക്കടുത്ത് പൂക്കാട്ടിരി ആൽപ്പറ്റപ്പടിയിലെ കലമ്പൻ ഹൗസിൽ ചെന്നാൽ ഒരുപുരുഷായുസ്സു പൂർത്തിയാക്കിയിട്ടും മങ്ങാത്ത ആ മനസ്സിന്റെ ചെറുപ്പം നേരിൽ കാണാം. കുറച്ചുവർഷംമുൻപ് ഒന്നു വീണതിനെത്തുടർന്നാണ് ചക്രക്കസേര വേണ്ടിവന്നത്. അല്ലെങ്കിൽ ഇപ്പോഴും ഓടിനടന്നേനെ! മക്കളും മക്കളുടെ മക്കളും അവരുടെയും മക്കളുമൊക്കെയായി അഞ്ചുതലമുറയിൽ
പടർന്നുനിൽക്കുകയാണ് കുഞ്ഞീരുമ്മ.
'സ്കൂളിലൊന്നും പോയി പഠിച്ചിട്ടില്ല, ഓത്തുപള്ളീല് പോയിട്ട്ണ്ട്...' കുഞ്ഞീരുമ്മ നൂറ്റാണ്ടുകടന്ന ആ ഓർമയിലേക്ക് പിൻനടന്നു. കുട്ടിക്കാലത്ത് നടന്ന ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങളുടെ നേരിയ ചിത്രങ്ങളുണ്ട് മനസ്സിൽ.
പാടത്ത് ആടിനെ മേയ്ക്കുന്നതിനിടെ വെടിയൊച്ചകൾ കേട്ടും കുന്തവുമായി വരുന്നവരെക്കണ്ടും ഓടിയൊളിച്ചിട്ടുണ്ട്.
ഖിലാഫത്ത് കാലത്ത് ഉപ്പാപ്പയെ (പിതാവിന്റെ പിതാവ്) പിടിച്ചുകൊണ്ടുപോയതും നാലുമാസത്തിനുശേഷം വിട്ടയച്ചതും അറിയാം. അതേപ്പറ്റി കൂടുതലൊന്നും ഞങ്ങൾക്ക് അറിയില്ലായിരുന്നു -കുഞ്ഞീരുമ്മ പറഞ്ഞു.
പതിനേഴാം വയസ്സിൽ നിക്കാഹ് കഴിഞ്ഞു. കലമ്പൻ സെയ്താലിയാണ് ഭർത്താവ്. അദ്ദേഹം ജീവിച്ചിരിപ്പില്ല. 13 മക്കളുണ്ടായിരുന്നതിൽ ഏഴുപേർ മരിച്ചുപോയി.
إرسال تعليق