പേരാമ്പ്ര: രൂക്ഷമായ വിലക്കയറ്റവും പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങളുടെ വിതരണം നിലച്ചതും പൊതുവിതരണ സമ്പ്രദായം താറുമാറായതും ഓണാഘോഷങ്ങൾക്ക് പൊലിമ കുറച്ചതായി എസ്.ടി.യു ദേശീയ പ്രസിഡൻ്റ് അഹമ്മദ് കുട്ടി ഉണ്ണികുളം പറഞ്ഞു.
അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനും സംസ്ഥാന സർക്കാറിൻ്റെ ജനവിരുദ്ധ നയങ്ങൾക്കുമെതിരെ പേരാമ്പ്ര നിയോജക മണ്ഡലം എസ് .ടി .യു കമ്മിറ്റി മാർക്കറ്റ് പരിസരത്ത് സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മണ്ഡലം എസ്. ടി. യു പ്രസിഡൻ്റ് പി.കെ റഹീം അധ്യക്ഷനായി.
ഓണത്തിന് 80 ലക്ഷം കുടുംബങ്ങൾക്ക് കിറ്റ് നൽകുന്നില്ല. സപ്ലൈകോ ഔട്ട് ലെറ്റുകൾ അടക്കം നോക്കുകുത്തിയായി.പാവപ്പെട്ട കർഷകർക്ക് 253 കോടി രൂപ നെല്ലു വില ലഭിക്കാനുള്ളപ്പോൾ അവർക്കെങ്ങിനെയാണ് ആഘോഷപൂർവ്വം ഓണം കൊണ്ടാടാൻ കഴിയുക. നിർമാണ തൊഴിലാളി, കർഷക തൊഴിലാളി, കെ എസ് ആർ ടി സി ക്ഷേമപെൻഷനുകൾ എന്നിവ വിതരണം ചെയ്തിട്ട് 8 മാസമായി.ഖാദി സംഘങ്ങൾക്ക് റിബേറ്റ് കൊടുത്തിട്ടില്ല.
ന്യായവില ഹോട്ടലുകൾ പലതും അടച്ചു പൂട്ടി. കെട്ടിട, വാഹന നികുതിയും റോഡ് സുരക്ഷാ സെസ്സും കുത്തനെ കൂട്ടി. വീട് വെക്കാനുള്ള അനുമതിക്കായി പത്തിരട്ടിയാണ് ഫീസ് വർദ്ധിപ്പിച്ചത്. ഇത്തരം നികുതികൾ സാധാരണക്കാരൻ്റെ നട്ടെല്ലൊടിച്ചിരിക്കയാണെന്നും ഉണ്ണികുളം പറഞ്ഞു. സി.ഐ.ടി.യുവിൽ നിന്ന് രാജിവെച്ച് എസ് .ടി യു വി ലേക്ക് വന്ന വാളൂരിലെ വിയ്യൂർ കണ്ടി അബ്ദുൽ മജീദിനെ ഉണ്ണികുളം പതാക കൈമാറി എസ്. ടി. യുവിലേക്ക് സ്വീകരിച്ചു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം ലീഗ് പ്രസിഡൻ്റ് ആർ.കെ മുനീർ, ട്രഷറർ എം.കെ.സി കുട്ട്യാലി, ജില്ലാ എസ്. ടി. യു വൈസ് പ്രസിഡൻ്റ് സി.പി കുഞ്ഞമ്മദ്, മണ്ഡലം ജന സെക്രട്ടറി അസീസ് കുന്നത്ത്, ട്രഷറർ മുജീബ് കോമത്ത്, പി.ടി അഷ്റഫ് , സി.കെ.സി ഇബ്രാഹീം, ചന്ദ്രൻ കല്ലൂർ, കെ.ടി കുഞ്ഞമ്മദ്, ഇ.ഷാഹി, കെ.പി റസാഖ് സംസാരിച്ചു.
ഫോട്ടോ: പേരാമ്പ്ര മണ്ഡലം എസ് .ടി .യു വിലക്കയറ്റത്തിനെതിരെ സംഘടിപ്പിച്ച സായാഹ്ന ധർണ ദേശീയ പ്രസിഡൻ്റ് അഹമ്മദ് കുട്ടി ഉണ്ണികുളം ഉദ്ഘാടനം ചെയ്യുന്നു.
إرسال تعليق