ഇടുക്കി :
ദേശീയപാതയിൽ വളഞ്ഞങ്ങാനത്ത്, നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്കു കൂറ്റൻ പാറക്കല്ലുകളും മണ്ണും ഇടിഞ്ഞുവീണു വീട്ടമ്മ മരിച്ചു. കാറിനുളളിൽ കുടുങ്ങിപ്പോയ ഉപ്പുതറ പുളിങ്കട്ട ചാത്തനാട്ട് സോമിനി (57) ആണു മരിച്ചത്. അപകടത്തിൽ 5 പേർക്കു പരുക്കേറ്റു. സംഭവം നടന്ന് 40 മിനിറ്റു കഴിഞ്ഞാണു സോമിനിയെ വാഹനത്തിൽനിന്നു പുറത്തെടുക്കാനായത്.
കട്ടപ്പന സ്വദേശികളും പൊലീസ് ഉദ്യോഗസ്ഥരുമായ ബിബിൻ (35), ഭാര്യ അനുഷ്ക (31), ഇവരുടെ മക്കളായ ആദവ് (5), ലക്ഷ്യ (8 മാസം), അനുഷ്കയുടെ മാതാവ് ഷീല (52) എന്നിവർക്കാണു പരുക്കേറ്റത്. അനുഷ്കയെയും ഷീലയെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിബിൻ–അനുഷ്ക ദമ്പതികളുടെ വീട്ടുജോലിക്കാരിയാണു മരിച്ച സോമിനി.
ഇന്നലെ രാത്രി 7ന് ആണ് അപകടം. വൈകിട്ട് പെയ്ത കനത്ത മഴ മൂലമാണു മണ്ണിടിഞ്ഞു വീണതെന്നാണു നിഗമനം. പാഞ്ചാലിമേട് സന്ദർശിച്ചു കട്ടപ്പനയിലേക്കു മടങ്ങുന്നതിനിടെ കുഞ്ഞിനു കുറുക്കു കൊടുക്കാനാണു വാഹനം നിർത്തിയത്. ഈ സമയത്താണു മലമുകളിൽ നിന്നു പാറക്കല്ലുകളും മണ്ണും കാറിനു മുകളിലേക്കു പതിച്ചത്.
നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും അഗ്നിരക്ഷാസേനയും പൊലീസുമെത്തി മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണു പാറക്കല്ലുകൾ നീക്കം ചെയ്തത്. സോമിനിയുടെ ഭർത്താവ്: പ്രദീപ്. മക്കൾ: നീതു, അനു, സുനു.
إرسال تعليق