ഓമശ്ശേരി: സൗദി അറേബ്യയിലെ മദീനയിലുള്ള മസ്ജിദുന്നബവിയിൽ നിന്നും ഖുർആൻ മന:പാഠ പഠനത്തിലെ സർട്ടിഫിക്കറ്റ് കോഴ്സ് വിജയകരമായി പൂർത്തികരിച്ച് നാട്ടിൽ തിരിച്ചെത്തിയ ഹാഫിള് യു.പി.അബൂബക്കർ ഫൈസിക്ക് ജന്മനാട്ടിൽ അമ്പലക്കണ്ടി മസ്ജിദ് ഇബ്രാഹീം ആന്റ് താജുദ്ദീൻ മദ്‌റസ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി.
മാസ്ജിദുന്നബവിയിലെ ഹറം മത കാര്യ വകുപ്പിന്റെ ഔദ്യോഗിക ഖുർആൻ-ഹിഫ്ള് സർട്ടിഫിക്കറ്റ് കോഴ്സാണ് അബൂബക്കർ ഫൈസി പൂർത്തീകരിച്ചത്.ലോകത്തിലെ പ്രധാനപ്പെട്ട ഖുർആൻ -ഹിഫ്ള് സനദായാണ് ഇത് ഗണിക്കപ്പെടുന്നത്.ഒരു വർഷക്കാലമായി മദീനയിൽ ഉപരിപഠനം നടത്തി വരികയായിരുന്നു ഇദ്ദേഹം.ഡോ:ശൈഖ് സൽമാൻ അബ്ദുൽ അഹദ് ബുഖാരി (അഫ്ഗാനിസ്ഥാൻ),ശൈഖ് ബഷീർ ഹാഷിമി അൽ മാലികി(മദീന)എന്നിവർക്ക് കീഴിലായിരുന്നു പഠനം.
മദ്‌റസ ഓഡിറ്റോറിയത്തിൽ നടന്ന ഊഷ്മളമായ സ്വീകരണ ചടങ്ങിൽ പ്രസിഡണ്ട് നെച്ചൂളി മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.മുൻ എം.എൽ.എയും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറുമായ വി.എം.ഉമർ മാസ്റ്റർ ഉൽഘാടനം ചെയ്തു.അബൂബക്കർ ഫൈസിക്ക് കമ്മിറ്റിയുടെ ഉപഹാരം അദ്ദേഹം കൈമാറി.എസ്.വൈ.എസ്.സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി.മഹല്ല് ഖത്തീബ് പി.സി.ഉബൈദ് ഫൈസി പ്രാർത്ഥന നടത്തി.ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി പരിചയപ്പെടുത്തി.
പഞ്ചായത്ത് എസ്.വൈ.എസ്.പ്രസിഡണ്ട് അബു മൗലവി അമ്പലക്കണ്ടി,പുതിയോത്ത് മഹല്ല് കമ്മിറ്റി ഭാരവാഹികളായ മഠത്തിൽ മുഹമ്മദ് ഹാജി,പി.വി.മൂസ മുസ്‌ലിയാർ,കെ.മുഹമ്മദ് ബാഖവി,മുൻ പഞ്ചായത്ത് മെമ്പർ കെ.ടി.മുഹമ്മദ്,എ.കെ.അബൂബക്കർ ഹാജി,യു.കെ.അബ്ദുൽ അസീസ് മുസ്ലിയാർ,കെ.കെ.ഇബ്രാഹീം കുട്ടി മുസ്‌ലിയാർ എന്നിവർ സംസാരിച്ചു.ഹാഫിള് യു.പി.അബൂബക്കർ ഫൈസി മറുപടി പ്രസംഗം നടത്തി.ജന:സെക്രട്ടറി വി.സി.അബൂബക്കർ സ്വാഗതവും ഡോ:ടി.അലി ഹുസൈൻ വാഫി നന്ദിയും പറഞ്ഞു.
ഫോട്ടോ:ഹാഫിള് യു.പി.അബൂബക്കർ ഫൈസിക്ക് അമ്പലക്കണ്ടി പള്ളി-മദ്‌റസ കമ്മിറ്റിയുടെ ഉപഹാരം വി.എം.ഉമർ മാസ്റ്റർ എക്സ് എം.എൽ.എ.കൈമാറുന്നു.
إرسال تعليق