77-ാം സ്വാതന്ത്ര്യദിനം വിപുലമായ ആഘോഷങ്ങളോടെ കൊണ്ടാടി രാജ്യം. ഡല്‍ഹി ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് തുടക്കമായി. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി. ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ശേഷം പ്രധാനമന്ത്രി പതാക ഉയര്‍ത്തിയതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി.

1800ഓളം ക്ഷണിക്കപ്പെട്ട അതിഥികളാണ് സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നത്. 50ഓളം നഴ്‌സുമാരേയും അവരുടെ കുടുംബാംഗങ്ങളേയും അതിഥികളായി ക്ഷണിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രിയെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങാണ് സ്വീകരിച്ചത്. സൈനിക മേധാവികളും പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ സന്നിഹിതരായിരുന്നു.


ത്രിവര്‍ണ നിറത്തിലുള്ള തലപ്പാവ് അണിഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെത്തിയത്. പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തിയ ശേഷം എയര്‍ഫോഴ്‌സിന്റെ ഹെലികോപ്റ്റര്‍ ചെങ്കോട്ടയില്‍ പുഷ്പവൃഷ്ടിയും നടത്തി. പഴുതടച്ച ക്രമീകരണങ്ങള്‍ ചെങ്കോട്ടയില്‍ ഒരുക്കിയിട്ടുണ്ട്. ത്രിതല സുരക്ഷയാണ് ചെങ്കോട്ടയില്‍ ഉള്ളത്, ഒപ്പം ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ അതിര്‍ത്തികളിലും പ്രധാന നഗരങ്ങളിലും, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Post a Comment

أحدث أقدم