മുക്കം:
വായന ദിനത്തോടനുബന്ധിച്ചു മുക്കം എം.എ.എം.ഒ. കോളേജിലെ എൻ.എസ്.എസ്. വിദ്യാർത്ഥികൾ ഹൻഡ്രഡ് ബുക്സ് ഡോനെഷൻ എന്ന പദ്ധതിയുടെ ഭാഗമായി പുസ്തക സ്വരൂപനം ആരംഭിച്ചു.
പദ്ധതിയുടെ ഭാഗമായി ലഭിച്ച നൂറ് പുസ്തകങ്ങൾ മുക്കത്തെ പ്രശസ്ത സേവ മന്ദിർ എന്ന സ്ഥാപനത്തിലെ ലൈബ്രറിക്ക് നൽകി വിദ്യാർത്ഥികൾ മാതൃകയായി.
സേവ മന്ദിരിൽ വെച്ച് നടന്ന ചടങ്ങിൽ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. റിയാസ് കെ. യിൽ നിന്നും പ്രശസ്ത സാമൂഹിക പ്രവർത്തകയും സേവാ മന്ദിർ അധികാരിയുമായ കാഞ്ചന മാല ലൈബ്രറിക്കു വേണ്ടി പുസ്തകങ്ങൾ ഏറ്റു വാങ്ങി. കുട്ടികളിൽ പുസ്തകങ്ങളോടുള്ള അടുപ്പം കൂട്ടുന്നതിനും സാമൂഹികമായി കുട്ടികളെ ചിന്തിപ്പിക്കുന്നതിനും സേവാമന്ദിർ പോലുള്ള സേവന മികവിൽ പ്രശസ്തമായ സ്ഥാപനങ്ങളെയും അവരുടെ പ്രവർത്തനങ്ങളെയും കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുകയും ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമാവാൻ കുട്ടികളെ പ്രേരിപ്പിക്കലുമായിരുന്നു പദ്ധതിയുടെ ലക്ഷ്യമെന്ന് അധ്യക്ഷ പ്രസംഗത്തിൽ പ്രോഗ്രാം ഓഫീസർ പറഞ്ഞു.
ഇപ്പോഴത്തെ കുട്ടികൾ ഇത്തരത്തിൽ പുസ്തകങ്ങളെ പ്രണയിക്കുന്നതും അത് മാറ്റാളുകൾക്ക് വായനക്ക് ഉപകാരപ്രദമാവുന്ന രീതിയിൽ നൽകുന്നതും സേവന മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തോട് താല്പര്യം കാണിക്കുന്നതും എല്ലാം ഏറെ സന്തോഷം തരുന്നതാണെന്നും എല്ലാ കാലവും താൻ ഏറെ അടുപ്പം കാണിക്കുന്ന എം. എ.എം.ഒ. കോളേജിലെ എൻ.എസ്.എസ്. വിദ്യാർത്ഥികളാണ് ഇതിനു പിന്നിലെന്നതും സന്തോഷം ഇരട്ടിപ്പിക്കുന്നതായും പുസ്തകങ്ങൾ ഏറ്റു വാങ്ങി പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് കാഞ്ചനമാല പറഞ്ഞു. എൻ.എസ്.എസ്. വിദ്യാർത്ഥികളെ അവർ പ്രത്യേകം അനുമോദിക്കുകയും ചെയ്തു.
ചടങ്ങിൽ കോളേജ് ഹിസ്റ്ററി വിഭാഗം മേധാവി ഒ. എം. അബ്ദുറഹിമാൻ ., എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അമൃത പി., സേവ മന്ദിർ പ്രവർത്തകൻ പ്രഭാകരൻ എന്നിവർ സംസാരിച്ചു.
പ്രൊജക്റ്റിന് എൻ.എസ്.എസ്. സെക്രട്ടറിമാരായ ഇത്തു ഇന്ഷ, അനുശ്രീ, അജ്മൽ, മുഹമ്മദ് ഷിയാസ്, പ്രോഗ്രാം കോർഡിനേറ്റർ അജസ് സതീഷ് എന്നിവർ നേതൃത്വം നൽകി.
ചടങ്ങിന് എൻ.എസ്.എസ്. സെക്രട്ടറി മഷ്ഹുദ് സ്വാഗതവും ജോയിന്റ് സെക്രട്ടറി സഫ്‌വാൻ നന്ദിയും പറഞ്ഞു.
إرسال تعليق