മൂവാറ്റുപുഴ - മൂവാറ്റുപുഴയിലെ നിർമ്മല കോളേജിനുമുന്നിൽ റോഡ് മുറിച്ച് കടക്കവെ അതിവേഗതയിൽ ബൈക്കോടിച്ച് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ആൻസൺ റോയിയെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റകരമായ നരഹത്യ ഉൾപ്പെടെ വിവിധ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. 

അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ആൻസണെ ആശുപത്രിയിൽനിന്നും ഡിസ്ചാർജ് ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്.

വിദ്യാർത്ഥികളിൽ നിന്നുള്ള ശക്തമായ പ്രതിഷേധം ഭയന്ന് പ്രതിയെ അപകട സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താൻ സാധിച്ചിരുന്നില്ല. പോലീസ് കോളേജിലെത്തി പ്രിൻസിപ്പലിൽ നിന്നും ദൃക്‌സാക്ഷികളിൽ നിന്നും അപകടത്തിൽ മരിച്ച ബിരുദ വിദ്യാർത്ഥിനി നമിതയെ ആശുപത്രിയിൽ എത്തിച്ചവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.

 തെളിവെടുപ്പിന് ശേഷം പ്രതിയെ ഇന്നുതന്നെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
 അമിത വേഗതയിൽ വാഹനമോടിച്ച പ്രതി ആൻസൺ റോയിക്ക് ലേണേഴ്‌സും ലൈസൻസുമില്ലെന്ന് മോട്ടോർ വാഹനവകുപ്പ് കണ്ടെത്തിയിട്ടു. മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ച പ്രതിയുടെ ബൈക്ക് മോട്ടോർ വാഹനവകുപ്പും പോലീസും പരിശോധിച്ചു. 

രൂപമാറ്റം വരുത്തിയ ബൈക്ക് സൈലൻസർ ഘടിപ്പിക്കാത്ത നിലയിലും വാഹനത്തിന്റെ ഇരുവശങ്ങളിലുമുള്ള കണ്ണാടികളും ക്രാഷ്ഗാർഡും നീക്കംചെയ്ത നിലയിലുമാണ്. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്.
 ജൂലൈ 26-നാണ് മൂവാറ്റുപുഴ നിർമ്മല കോളേജിന് മുന്നിൽ ആൻസന്റെ ചീറിപ്പാഞ്ഞെത്തിയ ബൈക്കിടിച്ച് അവസാനവർഷ ബിരുദ വിദ്യാർത്ഥിനി വാളകം കുന്നയ്ക്കൽ വടക്കേപുഷ്പകം രഘുവിന്റെയും ഗിരിജയുടെയും മകൾ നമിത (20) മരിച്ചത്.

 അതിനിടെ, അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരു വിദ്യാർത്ഥിനി അനുശ്രീ രാജ് ആശുപത്രി വിട്ടു. 

Post a Comment

أحدث أقدم