ഓമശ്ശേരി: കോവിഡ് നിയന്ത്രണങ്ങളെ തുടർന്നും മറ്റും പൂർത്തിയാക്കാനാകാതെ പോയ വാക്സിനേഷൻ പൂർത്തീകരിക്കുന്നതിനായി നടപ്പിലാക്കുന്ന മിഷൻ ഇന്ദ്രധനുഷ് 5.0 തീവ്ര യജ്ഞ കാമ്പയിന് ഓമശ്ശേരിയിൽ ഒരുക്കങ്ങൾ പൂർത്തിയായി.
കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന ജനപ്രതിനിധികളുടേയും ആരോഗ്യ വകുപ്പ് ജീവനക്കാരുടേയും ആശാ പ്രവർത്തകരുടേയും യോഗത്തിൽ ഇന്ദ്രധനുഷ് കാമ്പയിന് അന്തിമരൂപം നൽകി.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്വിമ അബു ഉൽഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.സൈനുദ്ദീൻ കൊളത്തക്കര,എം.എം.രാധാമണി ടീച്ചർ,കെ.ആനന്ദകൃഷ്ണൻ,കെ.പി.രജിത,പി.കെ.ഗംഗാധരൻ,മൂസ നെടിയേടത്ത്,പി.ഇബ്രാഹീം ഹാജി,ഹെൽത്ത് ഇൻസ്‌പെക്ടർ കെ.എം.ഉണ്ണികൃഷ്ണൻ,ഐ.സി.ഡി.എസ്.സൂപ്പർ വൈസർ വി.എം.രമാദേവി,പി.എച്ച്.എൻ.ഗ്രേസി എം.ഇ,ജെ.എച്ച്.ഐ.മഞ്ജുഷ ടി.ഒ,ദേവി (പാലിയേറ്റീവ്),പി.എ.പ്രമീള(ആശ)എന്നിവർ സംസാരിച്ചു.
ഏതെങ്കിലും കാരണത്താൽ വാക്സിൻ എടുക്കാത്തതോ ഭാഗികമായി മാത്രം എടുത്തിട്ടുള്ളതോ ആയ കുട്ടികൾക്കും ഗർഭിണികൾക്കും കാമ്പയിൻ കാലയളവിൽ വാക്സിനേഷൻ നൽകും.ഓഗസ്റ്റ് ഏഴ് മുതൽ ഒക്ടോബർ 14 വരെ മൂന്ന് ഘട്ടമായി നീണ്ടുനിൽക്കുന്ന തീവ്ര വാക്സിനേഷൻ യജ്ഞത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികളേയും ഭാര്യമാരേയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓഗസ്റ്റ് 7 മുതൽ 12 വരെയുള്ള ആദ്യഘട്ട കാമ്പയിനിൽ നാല് ദിവസങ്ങളിലായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒമ്പത് വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കാനാണ് തീരുമാനം.എട്ടിന് (ചൊവ്വ) കൈതക്കൽ,കൂടത്തായി പ്രതിഭ അങ്കണവാടികളിലും വെളിമണ്ണ മദ്‌റസയിലും ക്യാമ്പ് നടക്കും.ബുധനാഴ്ച്ച ഓമശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ചും വ്യാഴാഴ്ച്ച നടമ്മൽപൊയിൽ,കാപ്പാട് അങ്കണവാടികളിലും വെണ്ണക്കോട് സബ് സെന്ററിലുമാണ് ക്യാമ്പുകൾ.വെള്ളിയാഴ്ച്ച പാലക്കുന്ന്,പുത്തൂർ അങ്കണവാടികളിൾ വെച്ചാണ് വാക്സിനേഷൻ ക്യാമ്പുകൾ നടക്കുന്നത്.രാവിലെ 10 മണി മുതൽ ഉച്ച 1 മണി വരേയാണ് സമയം.
മീസിൽസ്,റുബെല്ല,ഡിഫ്തീരിയ,പെർട്ടൂസിസ് തുടങ്ങിയ രോഗങ്ങൾക്കെതിരായ വാക്സിനുകളാണ് പ്രധാനമായും കുട്ടികൾക്ക് നൽകുക.വാക്സിനുകൾ വിട്ടുപോയിട്ടുള്ള 23 മാസം വരെ പ്രായമായ കുട്ടികൾ,എംആർ-1, എംആർ-2,ഡിപിറ്റി ബൂസ്റ്റർ,ഒപിവി ബൂസ്റ്റർ ഡോസുകൾ എടുക്കാൻ വിട്ടുപോയിട്ടുള്ള രണ്ടുമുതൽ അഞ്ച് വയസ്സുവരെയുള്ള കുട്ടികൾ, വാക്സിൻ എടുക്കാത്ത ഗർഭിണികൾ എന്നിവരേയാണ് മിഷൻ ഇന്ദ്രധനുഷ് അഞ്ചാം യജ്ഞം ലക്ഷ്യമിടുന്നത്.രണ്ടാംഘട്ടം സെപ്റ്റംബർ 11 മുതൽ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബർ ഒമ്പത് മുതൽ 14 വരെയുമാണ് നടക്കുക.
ഫോട്ടോ:മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞത്തിന്റെ ഭാഗമായി ഓമശ്ശേരിയിൽ നടന്ന യോഗം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്വിമ അബു ഉൽഘാടനം ചെയ്യുന്നു.
إرسال تعليق