ജിദ്ദ: സൗദിയിലേക്ക് ഇന്ത്യയിൽനിന്നുള്ള വിസ സ്റ്റാമ്പിംഗിന് മുന്നിൽ കൂടുതൽ കടമ്പകൾ. 
ഇന്ന്(മെയ്-11)മുതൽ സൗദിയിലേക്ക് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് അപേക്ഷകൻ നേരിട്ട് വി.എഫ്.എസ്(വിസ ഫെസിലിറ്റേഷൻ സർവീസ്) തഹ്ഷീൽ ഓഫീസുകളിൽ നേരിട്ട് എത്തണമെന്ന നിബന്ധന വന്നത് ആയിരകണക്കിന് വിസ അപേക്ഷകരെ പ്രതികൂലമായി ബാധിക്കും. കേരളത്തിൽ ഒന്ന് അടക്കം ഇന്ത്യയിൽ വി.എഫ്.എസിന് ആകെയുള്ളത് ഒൻപത് ഓഫീസുകളാണ്.

ഇതേവരെ ട്രാവൽസുകൾ വഴി മുംബൈയിലെ സൗദി കോൺസുലേറ്റിലും ന്യൂദൽഹിയിലെ ഇന്ത്യൻ എംബസിയിലും വിസ സ്റ്റാംമ്പിംഗിന് അപേക്ഷ നൽകി വിസ അനുവദിക്കുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. 

ഇത് ഒഴിവാക്കി വി.എഫ്.എസ് വഴി വിസ അപേക്ഷ നൽകുന്ന രീതി നിലവിൽ വന്നത് ഏതാനും ദിവസം മുമ്പാണ്. 
എന്നാൽ അപേക്ഷകൻ നേരിട്ട് എത്തി വിരലടയാളം നൽകണമെന്ന നിബന്ധന വി.എഫ്.എസ് വഴി വിസ അപേക്ഷ നൽകുന്നതിന്റെ ആദ്യ ഉത്തരവുകളിൽ ഇല്ലായിരുന്നു. 
ഏറ്റവും പുതിയ നിബന്ധന അനുസരിച്ചാണ് ഓരോ അപേക്ഷകനും നേരിട്ടെത്തി വിരലടയാളം നൽകണമെന്ന നിർദ്ദേശം കൂടി വി.എഫ്.എസ് മുന്നോട്ടുവെച്ചിരിക്കുന്നത്.

കേരളത്തിൽ കൊച്ചിയിൽ മാത്രമാണ് വി.എഫ്.എസിന് ഓഫീസുള്ളത്. ഇവിടെ മുൻകൂട്ടി അപ്പോയിൻമെന്റ് വാങ്ങി വേണം അപേക്ഷ നൽകാൻ എത്തേണ്ടത്. 
സൗദിക്ക് പുറമെ മറ്റു രാജ്യങ്ങളുടെ വിസ അപേക്ഷകളും കൈകാര്യം ചെയ്യുന്നത് വി.എഫ്.എസ് തന്നെയാണ്. 

നിലവിൽ ഏറ്റവും കുറവ് വിസ അപേക്ഷകരുള്ള ചൈനയിലേക്ക് പോലും ആഴ്ചകൾ കഴിഞ്ഞാണ് അപേക്ഷകർക്ക് അപ്പോയിൻമെന്റ് ലഭിക്കുന്നത്.

നൂറുകണക്കിന് വിസ അപേക്ഷകരുള്ള സൗദിയിലേക്ക് കൂടി കൂടുതൽ നിബന്ധനകളോടെ വി.എഫ്.എസ് വഴി വിസ സ്റ്റാമ്പിംഗ് സംവിധാനം വരുന്നത് വൻ പ്രതിസന്ധിയാകും സൃഷ്ടിക്കുക. അതേസമയം, വിരലടയാളം വേണമെന്ന നിബന്ധന വി.എഫ്.എസ് ആണ് നൽകിയത്. കോൺസുലേറ്റോ എംബസിയോ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടില്ല.
 

Post a Comment

أحدث أقدم