ന്യൂദല്‍ഹി : ഉദ്യോഗസ്ഥ മേധാവികളുടെ നിയന്ത്രണവും നിയമനവും സംബന്ധിച്ച് സുപ്രീം കോടതിയുടെ സുപ്രധാന വിധി വന്നതിനു പിന്നാലെ  ദല്‍ഹി സര്‍ക്കാരിന്റെ സേവന വകുപ്പ് സെക്രട്ടറി ആശിഷ് മോറെയെ അരവിന്ദ് കെജ്‌രിവാള്‍ നീക്കം ചെയ്തു. 
കാര്യമായ പുനഃസംഘടനയുണ്ടാകുമെന്നും പലരേയും മാറ്റുമെന്നുമാണ് കെജ് രിവാള്‍ വ്യക്തമാക്കിയിരിക്കുന്നത്.
പൊതുപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് വിധിക്ക് തൊട്ടുപിന്നാലെ വാര്‍ത്താസമ്മേളനത്തില്‍ കെജ്‌രിവാള്‍ സൂചിപ്പിച്ചിരുന്നു.  വിജിലന്‍സ് ഇനി ഞങ്ങളോടൊപ്പമുണ്ടാകും. ശരിയായി പ്രവര്‍ത്തിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്കനടപടികള്‍ ആരംഭിക്കും- അദ്ദേഹം പറഞ്ഞു.  
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള അധികാരം ലഭിച്ചു. 

ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിലൂടെ മാത്രമേ പ്രവര്‍ത്തിക്കൂ-കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ട്വീറ്റ് ചെയ്തു.
വര്‍ഷങ്ങളായി തനിക്ക് ഒരു വ്യക്തിയെ പോലും നിയമിക്കാന്‍ കഴിയുന്നില്ലെന്ന് കെജ്‌രിവാള്‍ പലപ്പോഴും പരാതിപ്പെടുന്നു. ബ്യൂറോക്രാറ്റുകള്‍ തന്റെ സര്‍ക്കാരിന്റെ ഉത്തരവുകള്‍ അനുസരിക്കുന്നില്ലെന്നും അവരുടെ നിയന്ത്രണ അധികാരം ആഭ്യന്തര മന്ത്രാലയത്തിലാണെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്.
സേവനങ്ങളില്‍ ദല്‍ഹി സര്‍ക്കാരിന് നിയമനിര്‍മ്മാണ, എക്‌സിക്യൂട്ടീവ് അധികാരങ്ങളുണ്ടെന്നും പൊതു ക്രമം, പോലീസ്, ഭൂമി എന്നിവ മാത്രമേ അതിന്റെ അധികാരപരിധിയില്‍ നിന്ന് ഒഴിവാകുന്നുള്ളൂവെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

Post a Comment

أحدث أقدم