ഓമശ്ശേരി: 2022-23 സാമ്പത്തിക വർഷം ഓമശ്ശേരി പഞ്ചായത്തിൽ വിവിധ ഭവന പദ്ധതികളിലൂടെ 18 വീടുകൾ പൂർത്തീകരിച്ചു.ലൈഫ് ഭവന പദ്ധതിയിൽ 12 ഉം പി.എം.എ.വൈ പദ്ധതിയിൽ 6 ഉം വീടുകളാണ് നിർമ്മാണം പൂർത്തിയാക്കിയത്.വിവിധ വാർഡുകളിൽ നിന്നും തെരഞ്ഞെടുത്ത അർഹതപ്പെട്ട നിർധന കുടുബങ്ങൾക്കാണ് വീട് നിർമ്മിക്കാൻ നാലു ലക്ഷം രൂപ വീതം വിവിധ ഘട്ടങ്ങളിലായി കൈമാറിയത്.
നടപ്പു സാമ്പത്തിക വർഷം ലൈഫ് ഭവന പദ്ധതി(2020) യിലുൾപ്പെടുത്തി 93 വീടുകൾ നൽകാനാണ് പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനം.14 അതിദരിദ്രർക്കും പട്ടിക ജാതി വിഭാഗത്തിലെ 59 പേർക്കും ജനറൽ വിഭാഗത്തിൽ നിന്ന് 20 പേർക്കും വീടുകൾ നൽകും.ഇതിൽ 43 പേർ ഇതിനകം രേഖകൾ സമർപ്പിച്ച് പഞ്ചായത്തിൽ എഗ്രിമന്റ് വെച്ചിട്ടുണ്ട്.ബാക്കിയുള്ളവർ ഉടൻ എഗ്രിമന്റ് വെക്കും.വായ്പയുൾപ്പടെ വിവിധ സ്രോതസ്സുകളിൽ നിന്നും ലഭിക്കുന്ന ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ഭവന നിർമ്മാണത്തിനുള്ള സാമ്പത്തിക സഹായം നൽകുക.മൂന്ന് കോടി എഴുപത്തി രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് ഈ സാമ്പത്തിക വർഷം 93 വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കുന്നത്.
420 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള വീടുകളാണ് നിർമ്മിക്കുന്നത്.എഗ്രിമന്റ് വെച്ച ഉടനെ നാൽപതിനായിരം രൂപ ആദ്യ ഗഡുവായി ഗുണഭോക്താവിന് കൈമാറും.വീടിനുള്ള തറ കെട്ടിക്കഴിഞ്ഞാൽ ഒരു ലക്ഷത്തി അറുപതിനായിരം രൂപ രണ്ടാം ഗഡുവായി നൽകും.കൽപടവിനു ശേഷം ഒരു ലക്ഷം രൂപയും പണികൾ പൂർത്തീകരിച്ചതിന് ശേഷം ബാക്കിയുള്ള ഒരു ലക്ഷം രൂപയും ഗുണഭോക്താക്കൾക്ക് കൈമാറും.ഓമശ്ശേരി പഞ്ചായത്തിൽ 2020 ലൈഫ് ഭവന പദ്ധതിയുടെ അന്തിമ ലിസ്റ്റിൽ ആകെ 399 ഗുണഭോക്താക്കളാണുള്ളത്.ഇതിൽ 308 പേർ ഭവന രഹിതരും 91 പേർ ഭൂരഹിത ഭവനരഹിതരുമാണ്.
കഴിഞ്ഞ സാമ്പത്തിക വർഷം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ അഞ്ചാം വാർഡിലെ സരോജിനി ദാമോദരൻ കോരഞ്ചോലമ്മലിനു താക്കോൽ നൽകി പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ നിർവ്വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു മുഖ്യപ്രഭാഷണം നടത്തി.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര സ്വാഗതം പറഞ്ഞു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,പഞ്ചായത്തംഗങ്ങളായ എം.ഷീജ ബാബു,എം.എം.രാധാമണി ടീച്ചർ,പി.കെ.ഗംഗാധാരൻ,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്,പി.ഇബ്രാഹീം ഹാജി,സീനത്ത് തട്ടാഞ്ചേരി,എം.ഷീല,നിർവ്വഹണ ഉദ്യോഗസ്ഥരായ ആശിഖ് കോയ തങ്ങൾ(വി.ഇ.ഒ),കെ.മുഹമ്മദ് ഹാഫിസ്(വി.ഇ.ഒ) എന്നിവർ സംസാരിച്ചു.
ഫോട്ടോ:ഓമശ്ശേരിയിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനം അഞ്ചാം വാർഡിലെ സരോജിനി ദാമോദരൻ കോരഞ്ചോലമ്മലിനു താക്കോൽ നൽകി പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ നിർവ്വഹിക്കുന്നു.
إرسال تعليق