ഇന്ത്യയുടെ എഞ്ചിനീയറിങ് വൈഭവത്തിന് മാറ്റ് കൂട്ടുന്ന മറ്റൊന്ന് കൂടി. ഒരു നൂറ്റാണ്ടിൽ അധികമായി ലോക സഞ്ചാരികളെ അടക്കം വിസ്മയിപ്പിച്ചിരുന്ന പാമ്പൻ പാലത്തിന് പുതുജന്മം. 2019 ൽ തറക്കല്ലിട്ട പാമ്പൻ 2.0 പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമർപ്പിക്കും. ഉച്ചയ്ക്ക് 12:45 നാണ് ഉദ്ഘാടനം ചെയ്യുക. രാമേശ്വരത്തുനിന്നു താംബരത്തേക്കുള്ള പുതിയ ട്രെയിൻ സർവീസും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. രാമനാഥപുരം ജില്ലയിലെ പാമ്പൻ ദ്വീപിനെയും തീർഥാടനകേന്ദ്രമായ രാമേശ്വരത്തെയും ബന്ധിപ്പിക്കുന്ന പാലം പ്രത്യേകതകളുടെ പട്ടികയിലും നമ്പർ വൺ ആണ്.

സമുദ്രനിരപ്പിൽനിന്ന് ആറുമീറ്റർ ഉയരമുള്ള പുതിയ പാലത്തിന് 2.08 കിലോമീറ്ററാണ് ദൈർഘ്യം. കപ്പലുകൾക്ക് കടന്നുപോകാൻ ഒരു ഭാഗം ലംബമായി ഉയരുന്ന രാജ്യത്തെ ആദ്യ ‘വെർട്ടിക്കൽ ലിഫ്റ്റിങ്’ പാലം. 18.3 മീറ്റർ അകലത്തിൽ 99 തൂണുകളും നടുവിലായി 72.5 മീറ്ററുള്ള നാവിഗേഷൻ സ്പാനുമാണ് പുതിയ പാലത്തിലുള്ളത്. നാവിഗേഷൻ സ്പാൻ 17 മീറ്റർ വരെ ഉയർത്താൻ കഴിയും. ഇത് പാലത്തിന് അടിയിലൂടെ വലിയ കപ്പലുകളുടെ ഗതാഗതം എളുപ്പമാക്കും. ഇവ ഉയർത്താൻ രണ്ട് മിനിട്ടും താഴ്ത്താൻ മൂന്ന് മിനിട്ടും മതി.

ഇന്ത്യൻ റെയിൽവേയുടെ എൻജിനീയറിങ് വിഭാഗമായ റെയിൽ വികാസ് നിഗം ലിമിറ്റഡാണ് 535 കോടി രൂപ ചെലവിൽ പുതിയ പാലം നിർമിച്ചത്. ഉദ്ഘാടന ചടങ്ങിൽ തമിഴ്നാട് ഗവർണർ ആർ.എൻ. രവി, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കേന്ദ്രമന്ത്രി ഡോ. എൽ. മുരുകൻ തുടങ്ങിയവർ പങ്കെടുക്കും.

Post a Comment

Previous Post Next Post