കോഴിക്കോട്: 
വൃത്തി 2025 ക്ലീൻ കേരള നാഷണൽ കോൺക്ലേവിൽ ഹരിത ഭവനത്തിന് അംഗീകാരം. ഏപ്രിൽ 9 മുതൽ 13 വരെ തിരുവനന്തപുരം കനകക്കുന്നിൽ നടന്ന വൃത്തി 2025 ൽ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടന്ന വ്യത്യസ്തമായ മാലിന്യ നിർമ്മാർജ്ജന പ്രവർത്തന മാതൃകകൾ അവതരിപ്പിക്കപ്പെട്ടിരുന്നു. 12 ന് ആയിരുന്നു കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ വകുപ്പും പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷനും ചേർന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്മെന്റിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഹരിത ഭവനം പദ്ധതിയുടെ അവതരണം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഫലകവും പ്രശംസാ പത്രവും കൈമാറി. ഹരിത ഭവനത്തിന്റെ ഭാരവാഹികളായ പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ, സെക്രട്ടറി സെഡ് എ സൽമാൻ, ഐടി കോഡിനേറ്റർ പി കെ വികാസ്, സരസ്വതിബിജു, മിനി ചന്ദ്രൻ, പ്രിയേഷ്  വാസുദേവൻ, സ്വപ്ന കോട്ടക്കുഴി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. തദ്ദേശ ഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടിവി അനുപമ ഐ എ എസ്, ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു വി ജോസ് ഐഎഎസ് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. കോഴിക്കോട് ജില്ലയിലെ മുഴുവൻ വിദ്യാർഥികളുടെയും അധ്യാപകരുടെയും വീടുകൾ ഹരിതഭവനങ്ങളും വിദ്യാലയങ്ങൾ ഹരിത വിദ്യാലയങ്ങളും ആക്കുന്ന പദ്ധതി എന്ന രീതിയിലാണ് ഹരിത ഭവനം വൃത്തി 2025ൽ ശ്രദ്ധ നേടിയത്. ഒരു വർഷം നീണ്ടുനിൽക്കുന്ന തുടർ പ്രവർത്തനങ്ങളും പദ്ധതിയെ വ്യത്യസ്തമാക്കി. 
 പടം: വൃത്തി 2025ൽ ഹരിത ഭവനത്തിനുള്ള ഫലകവും പ്രശംസാ പത്രവും മന്ത്രി എം ബി രാജേഷ് കൈമാറുന്നു.

Post a Comment

Previous Post Next Post