ശ്രീനഗർ:
പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരരെ നാലു സ്ഥലങ്ങളിലായി സുരക്ഷാ സേന കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഭീകരരും സുരക്ഷാ സേനയും വെടിവെപ്പ് നടത്തിയതായും റിപ്പോർട്ടുണ്ട്.
പ്രദേശവാസികളിൽ നിന്ന് ലഭിച്ച വിവരങ്ങൾ, ഇന്റലിജൻസ് വിവരങ്ങൾ, തിരച്ചിൽ പ്രവർത്തനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് തീവ്രവാദികളെ കണ്ടെത്തിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ഭീകരർ നിലവിൽ ത്രാൽ, കോക്കർനാഗ് മേഖലയിലെന്നാണ് വിവരം. മേഖലയിൽ സൈന്യവും ജമ്മു കശ്മീർ പൊലീസും മറ്റു സേനകളും വ്യാപക തിരച്ചിൽ തുടരുകയാണ്.
അവരെ വ്യക്തമായി കണ്ടെത്താനായ നിമിഷങ്ങളുണ്ട്. പക്ഷേ, പിടികൂടാൻ കഴിയുമ്പോഴേക്കും അവർ രക്ഷപ്പെട്ടിരുന്നു. വളരെ ഇടതൂർന്ന കാടുകളാണ്, അവരെ വ്യക്തമായി കണ്ടെത്തിയാലും പിന്തുടരുക എളുപ്പമല്ല. പക്ഷേ, അവരെ പിടിക്കാനാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്, അതിന് ദിവസങ്ങൾ മാത്രം മതി -സൈനിക ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
അതേസമയം, അതിർത്തിയിൽ പാക് പ്രകോപനം തുടരുകയാണ്. ഇന്നലെ രാത്രിയും ഇന്ത്യൻ പോസ്റ്റുകൾക്കുനേരെ വെടിവെപ്പുണ്ടായി.
അതേസമയം, ഭീകരാക്രമണത്തിന് തിരിച്ചടിയായി സ്വീകരിച്ച നയതന്ത്ര നീക്കങ്ങൾക്ക് പിന്നാലെ സൈനിക തിരിച്ചടിയും ഉണ്ടാകുമെന്നും അതിനായി ഒരുങ്ങിക്കഴിഞ്ഞുവെന്നും മുതിർന്ന സർക്കാർ ഉറവിടങ്ങളെ ഉദ്ധരിച്ച് ‘ഇന്ത്യൻ എസ്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു. ഏതുതരത്തിലുള്ള ആക്രമണമാണ് നടത്തേണ്ടത് എന്ന കാര്യമാണ് ഇപ്പോൾ ചർച്ച ചെയ്യുന്നതെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
ഇന്നലെ വൈകീട്ട് സംയുക്ത സൈനിക മേധാവി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സേനാമേധാവിയുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ് പ്രതിരോധ മന്ത്രി നേരെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തുകയും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്.
Post a Comment