കൊണ്ടോട്ടി : കൊച്ചി വിമാനത്താവളം വഴി ലഹരി കടത്തിയ കേസിൽ പിടിയിലായ മുഖ്യസൂത്രധാരകന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി.
മലപ്പുറം കരിപ്പൂർ മുക്കൂട്ട് മുള്ളൻമടക്കൽ ആഷിക്കിനെ(29)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. പശ്ചിമ കൊച്ചിയിൽ ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയും ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടിയ സംഘത്തിലെ പ്രധാന പ്രതിയാണ് ഇയാൾ.
ഇന്ന് പുലർച്ചെ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലണ് മാരക മയക്കുമരുന്ന് പിടികൂടിയത്.
ഒമാനിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരനായ ആഷിക്ക് മയക്കുമരുന്ന് കടത്ത് ആസൂത്രണം ചെയ്തു പലരിലൂടെയും കേരളത്തിൽ എത്തിക്കുകയായിരുന്നു. ഇന്ന് രാവിലെ ഇയാളുടെ വീട്ടിലെത്തിയ പോലീസ് 1665 ഗ്രാം എം.ഡി.എം.എ പിടികൂടി. നാൽപ്പത് പൊതികളിലായാണ് ഇയാൾ വീട്ടിൽ എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്.
കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന മയക്കുമരുന്ന് വിതരണ സംഘത്തിലെ പ്രധാനിയാണ് ആഷിക്ക്.
ഭക്ഷ്യ വസ്തുക്കളിലും ഫ്ലാസ്ക്കുകളിലും മറ്റുമായാണ് ഇയാൾ മയക്കുമരുന്ന് കടത്തിയിരുന്നത്. വില കുറഞ്ഞ എം.ഡി.എംഎ വാങ്ങിയാണ് ഇയാൾ കേരളത്തിൽ വിതരണം ചെയ്തിരുന്നത്. ഒമാനിൽ അഞ്ചു വർഷത്തേക്ക് സൂപ്പർ മാർക്കറ്റ് ലീസിനെടുത്ത് നടത്തുകയായിരുന്നു ഇയാൾ.
ജനുവരിയിൽ കൊച്ചിയിൽ നടത്തിയ റെയ്ഡിൽ വൻ മയക്കുമരുന്ന് ശേഖരവുമായി മഹാരാഷ്ട്ര സ്വദേശിനിയായ യുവതിയെയും മട്ടാഞ്ചേരി ഫോർട്ട് കൊച്ചി സ്വദേശികളായ അഞ്ച് പേരെയും പോലീസ് പിടികൂടിയിരുന്നു. കൊച്ചി വിമാനത്താവളം വഴിയാണ് മയക്കുമരുന്ന് കടത്ത് എന്ന് വ്യക്തമായ പോലീസ് ഇതിലെ സൂത്രധാരനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. അവരിൽ നിന്നാണ് ലഹരി കടത്തിന്റെ ഉറവിടം ആഷിക്കാണെന്ന് തിരിച്ചറിഞ്ഞത്. ഇയാൾ നാട്ടിലെത്തിയ വിവരം അറിഞ്ഞ മട്ടാഞ്ചേരിയിൽ നിന്നുള്ള പോലീസ് സംഘം മലപ്പുറത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ കേസിലെ പ്രതികളായ ഒൻപത് പേരും പിടിയിലായി.
Post a Comment