താമരശ്ശേരി:
വിദ്യാർത്ഥി സംഘട്ടനത്തിൽ ക്രൂര മർദനമേറ്റ്‌ കൊല്ലപ്പെട്ട താമരശ്ശേരി സ്വദേശി ഷഹബാസിന്റെ വീട്‌ മുസ്‌ലിം ലീഗ്‌ നേതാവും രാജ്യസഭാംഗവുമായ അഡ്വ:ഹാരിസ്‌ ബീരാൻ സന്ദർശിച്ചു.


മുസ്‌ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ മെമ്പറും മുൻ എം.എൽ.എ.യുമായ വി.എം.ഉമർ മാസ്റ്റർ,മുസ്‌ലിം ലീഗ്‌ കൊടുവള്ളി മണ്ഡലം സെക്രട്ടറി യു.കെ.ഹുസൈൻ,ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,കെ.കെ.റഫീഖ്‌ ചിറ്റാരിപ്പറമ്പ്‌(മസ്കറ്റ്‌ കെ.എം.സി.സി) എന്നിവർ എം.പി.യോടൊപ്പമുണ്ടായിരുന്നു.

ഷഹബാസിന്റെ മാതാപിതാക്കളേയും കൂടുംബത്തേയും അദ്ദേഹം ആശ്വസിപ്പിച്ചു.പാണക്കാട്‌ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ്‌ ഷഹബാസിന്റെ വീട്ടിലെത്തിയെതെന്നും നിയമപരമായ എല്ലാവിധ സഹായവും കുടുംബത്തിന്‌ ഉറപ്പാക്കുമെന്നും അഡ്വ:ഹാരിസ്‌ ബീരാൻ എം.പി.പറഞ്ഞു.സർക്കാറും   ഭരണകൂട സംവിധാനങ്ങളും ഈ ക്രൂരതയുടെ   പ്രതികളാണ്.ഇത്തരം ക്രൂരകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ എന്താണ് ചെയ്യുന്നതെന്ന് എം.പി.ചോദിച്ചു.

കുറ്റവാളികൾക്ക്  സഹായം നൽകുന്നതിൽ  കാണിക്കുന്ന  ഉത്സാഹം ഇത്തരം സംഭവങ്ങൾ തടയുന്നതിൽ സർക്കാർ കാണിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.മരണപ്പെട്ടവർക്ക് ലഭിക്കേണ്ട പരിരക്ഷയിലും വലിയ പരിഗണനയാണ്  കുറ്റം ചെയ്തവർക്ക് ലഭിക്കുന്നത്.ഇത്‌ സമൂഹത്തിന്‌ നൽകുന്ന തെറ്റായ സന്ദേശം കണ്ടില്ലെന്ന് നടിക്കാനാവില്ല.നിയമത്തിന്റെ പഴുതുകൾ ദുരുപയോഗം ചെയ്ത്‌ കുറ്റവാളികൾക്ക്‌ സൗകര്യങ്ങളൊരുക്കുന്ന കാഴ്ച്ച വേദനാജനകമാണ്‌.ഷഹബാസ്‌ വധവുമായി ബന്ധപ്പെട്ട്‌ ശക്തമായ നിയമനടപടികൾ ആവശ്യമാണെന്നും അതിനായി പ്രാദേശിക നിയമ സഹായ  സമിതി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കർഷക സംഘം സംസ്ഥാന ട്രഷറർ കെ.കെ.അബ്ദുൽ റഹ്മാൻ മാസ്റ്റർ,ഷംസീർ എടവലം,ബഷീർ ചുങ്കം എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും ബന്ധുക്കളും ചേർന്ന് എം.പി.യേയും സംഘത്തേയും സ്വീകരിച്ചു.

ഫോട്ടോ:കൊല്ലപ്പെട്ട ഷഹബാസിന്റെ വീട്‌ അഡ്വ:ഹാരിസ്‌ ബീരാൻ എം.പി.യുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു.

Post a Comment

Previous Post Next Post