സംസ്ഥാന സർക്കാരിൻ്റെ ഉജ്ജ്വല ബാല്യം പുരസ്കാരം നേടിയ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ ആഗ്നയാമിയെയും മറ്റ് വിദ്യാർഥി പ്രതിഭകളെയും ആദരിക്കുന്ന സ്വീകരണ യോഗം ഡോ. എം കെ മുനീർ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.
ഓമശ്ശേരി :
വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിക്കുന്ന വിദ്യാർഥികൾ നാടിൻ്റെ അഭിമാനമാണെന്നും വിദ്യാർഥി പ്രതിഭകളെ സൃഷ്ടിക്കുന്നതിൽ വിദ്യാലയങ്ങൾക്ക് മികച്ച പങ്കുവഹിക്കാൻ കഴിയുമെന്നും ഡോ. എം കെ മുനീർ അഭിപ്രായപ്പെട്ടു.
സംസ്ഥാന സർക്കാരിൻ്റെ ഉജ്ജ്വല ബാല്യം പുരസ്കാരം നേടിയ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ 2-ാം ക്ലാസ് വിദ്യാർഥി ആഗ്നയാമിയെ സ്കൂളിൽ വെച്ച് ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലാകായിക ശാസ്ത്രമേളകളിലും മറ്റ് മത്സരങ്ങളിലും മികച്ച വിജയം കരസ്ഥമാക്കിക്കൊണ്ടിരിക്കുന്ന വേനപ്പാറ യു പി സ്കൂൾ മറ്റ് വിദ്യാലയങ്ങൾക്ക് മാതൃകയാണെന്നും എം കെ മുനീർ എം എൽ എ പറഞ്ഞു.
കുഞ്ഞു പ്രായത്തിൽ കവിതകളുടെ ലോകം സൃഷ്ടിച്ചാണ് വേനപ്പാറ യു പി സ്കൂളിലെ രണ്ടാം ക്ലാസുകാരി ആഗ്നയാമി ഒട്ടേറെ അംഗീകാരങ്ങൾ നേടിയെടുത്തു കൊണ്ടിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിയെന്ന ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കോഡ്സ് ഇന്ത്യാബുക്ക് ഓഫ് റെക്കോഡ്സ് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സ്, ഇന്ത്യാ റീഡിങ് ഒളിമ്പ്യാഡ് അവാർഡ് എന്നീ അംഗീകാരങ്ങളും ആഗ്നയാമി നേടിയിട്ടുണ്ട്.
ചടങ്ങിൽ വെച്ച് ഓമശ്ശേരിയിൽ ഇലട്രിക് ലൈൻ പൊട്ടിവീണുണ്ടായ അപകടത്തിൽ നിന്ന് ഇളയ സഹോദരിയെ രക്ഷിക്കാൻ നേതൃത്വം നൽകിയ ഹനഫാത്തിമ പി,മഴവിൽ മനോരമ ബംപർ ചിരിയിലെ മികച്ച ഡാൻസർ അമൽജിത്ത് എന്നിവരെയും ആദരിച്ചു.
സ്കൂൾ മാനേജർ ഫാ. സജി മങ്ങരയിൽ അധ്യക്ഷതവഹിച്ചു.
ഓമശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഗംഗാധരൻ ജില്ലാപഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക്, ഓമശ്ശേരി സഹകരണ ബാങ്ക് പ്രസിഡൻ്റ് അബ്ദുള്ളക്കുട്ടി , ഗിരീഷ് ജോൺ, പ്രധാനാധ്യാപകൻ ജെയിംസ് ജോഷി കരുണാകരൻ മാസ്റ്റർ PTAപ്രസിഡൻ്റ് അബ്ദുൾ സത്താർ, പി വി സാദിഖ്, അധ്യാപകരായ ബിജു മാത്യു, ഷാനിൽ പി എം ബിജില സി കെ ,സ്കൂൾ ലീഡർ റിയോൺ പ്രവീൺ എന്നിവർ പ്രസംഗിച്ചു.
Post a Comment