കോട്ടയം: ഒടുവിൽ കേരള കോൺഗ്രസിന് സംസ്ഥാന രാഷ്ട്രീയ പാർട്ടിയായി അംഗീകാരം. പാർട്ടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ അംഗീകാരം ലഭിച്ചതായി കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് വ്യക്തമാക്കി. കേരള കോൺഗ്രസ് ഭിന്നിച്ച് വർഷങ്ങളായിട്ടും ജോസഫ് വിഭാഗത്തിന് രാഷ്ട്രീയ പാർട്ടിയെന്ന അംഗീകാരം ലഭിച്ചിരുന്നില്ല. നിയമപോരാട്ടത്തിലൂടെ കേരള കോൺഗ്രസ് എമ്മിന് രാഷ്ട്രീയ പാർട്ടിയായി അംഗീകാരവും പാർട്ടി ചിഹ്നമായ രണ്ടിലയും ലഭിച്ചിരുന്നു. തെരഞ്ഞെടുപ്പുകളിൽ സ്വന്തം ചിഹ്നമില്ലാതെയാണ് കേരള കോൺഗ്രസ് വിഭാഗം സ്ഥാനാർഥികൾ മത്സരിച്ചുവന്നത്. ഏറ്റവുമൊടുവിൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിലും ഇതേ പ്രശ്നമുണ്ടായി.
കോട്ടയം മണ്ഡലത്തിൽ സ്ഥാനാർഥിയായി ഫ്രാൻസിസ് ജോർജിനെ പ്രഖ്യാപിച്ചെങ്കിലും ചിഹ്നമില്ലാതെയാണ് ആദ്യഘട്ടത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം പ്രചാരണം നടത്തിയത്. ഒടുവിൽ നറുക്കെടുപ്പിലൂടെ ഓട്ടോറിക്ഷ ചിഹ്നത്തിലാണ് ഫ്രാൻസിസ് ജോർജ് മത്സരിച്ച് എം.പിയായത്.
ഫ്രാൻസിസ് ജോർജിന്റെ വിജയമാണ് സംസ്ഥാന രാഷ്ട്രീയ പാർട്ടിയെന്ന അംഗീകാരം ലഭിക്കാൻ കാരണമായത്. ലോക്സഭയിൽ ഒരംഗം അല്ലെങ്കിൽ നിയമസഭയിൽ അഞ്ച് എം.എൽ.എ എന്നിങ്ങനെ പ്രാതിനിധ്യം ഉണ്ടെങ്കിലേ സംസ്ഥാന പാർട്ടിയായി തെരഞ്ഞെടുപ്പ് കമീഷന്റെ അംഗീകാരം ലഭിക്കുകയുള്ളൂ. കേരള കോൺഗ്രസിന് രണ്ട് എം.എൽ.എമാർ മാത്രമുണ്ടായിരുന്നതാണ് അംഗീകാരം ലഭിക്കാൻ തടസ്സമായത്. പാർട്ടി ചെയർമാൻ പി.ജെ. ജോസഫ്, കടുത്തുരുത്തി എം.എൽ.എ മോൻസ് ജോസഫ് എന്നിവരാണ് നിലവിലെ എം.എൽ.എമാർ. ഫ്രാൻസിസ് ജോർജ് എം.പിയായതോടെയാണ് രാഷ്ട്രീയ പാർട്ടി അംഗീകാരത്തിനായി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചത്. രാഷ്ട്രീയ പാർട്ടിയെന്ന അംഗീകാരമില്ലാത്തതും സ്വന്തം ചിഹ്നമില്ലാത്തതും ചൂണ്ടിക്കാട്ടിയാണ് കേരള കോൺഗ്രസ്-എം പലപ്പോഴും ജോസഫിനെയും കൂട്ടരെയും വിമർശിച്ചിരുന്നത്. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വന്തം ചിഹ്നത്തിൽ മത്സരിക്കാനും കേരള കോൺഗ്രസിന് സാധിക്കും.
Post a Comment