ഗസ്സ: ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ കരാർ നിലവിൽ വന്നു. മൂന്ന് മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് വെടിനിർത്തൽ കരാർ നിലവിൽ വന്നത്. മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പേരുകൾ ഹമാസ് കൈമാറിയതോടെയാണ് വെടിനിർത്തൽ കരാറിന് വഴിയൊരുങ്ങിയത്.
വെടിനിർത്തൽ കരാർ നിലവിൽ വന്ന വിവരം ഖത്തറും സ്ഥിരീകരിച്ചിട്ടുണ്ട്. ഖത്തർ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയത്. അതേസമയം, ഇസ്രായേൽ ഇന്ന് നടത്തിയ ആക്രമണങ്ങളിൽ 10 ഫലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു.
ഇതുവരെ ഗസ്സയിൽ ഇസ്രായേൽ നടത്തിയ യുദ്ധത്തിൽ 46,899 പേർ കൊല്ലപ്പെട്ടിരുന്നു. 1,10,725 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹമാസിന്റെ ആക്രമണങ്ങളിൽ 1,139 പേർ കൊല്ലപ്പെടുകയും ചെയ്തു.
മൂന്ന് ഘട്ടങ്ങളിലായാകും വെടിനിർത്തൽ. ആദ്യ ഘട്ടത്തിൽ സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ എന്നിങ്ങനെ 33 ബന്ദികളെയാകും വിട്ടയക്കുക. പരിക്കേറ്റവർ, രോഗികൾ എന്നിവരെയും മോചിപ്പിക്കും. മൂന്ന് ബന്ദികൾ ഒന്നാം ദിവസം മോചിതരാകും. ഏഴാം നാൾ നാലു പേരും 14ാം ദിനത്തിൽ മൂന്നുപേരും പുറത്തെത്തും. 28, 35 ദിവസങ്ങളിൽ മൂന്നു പേർ വീതം മോചിതരാകും. കരാർ പ്രകാരം അവശേഷിച്ചവർ അവസാന ആഴ്ചയിലാകും പുറത്തെത്തുക. ഇസ്രായേൽ സേനാ പിന്മാറ്റവും അനുബന്ധമായി ആരംഭിക്കും. രണ്ട്, മൂന്ന് ഘട്ടങ്ങളുടെ വിശദാംശങ്ങൾ വെടിനിർത്തലിന്റെ 16ാം നാൾ ആരംഭിക്കും.
രണ്ടാം ഘട്ടത്തിൽ പട്ടാളക്കാർ, റിസർവ് സേനാംഗങ്ങൾ എന്നിവരാകും വിട്ടയക്കപ്പെടുക. പകരമായി ഫലസ്തീൻ തടവുകാരുടെ മോചനവും നടക്കും. 1,000 ഫലസ്തീൻ തടവുകാരെ വിട്ടയക്കാമെന്ന് സമ്മതിച്ചതിൽ 190 പേർ 15 വർഷമോ അതിലേറെയോ ജയിൽ ശിക്ഷ വിധിക്കപ്പെട്ടവരാണ്. ഇതേ ഘട്ടത്തിൽ വടക്കൻ ഗസ്സയിലേക്ക് മടക്കവും അനുവദിക്കും. 23 ലക്ഷം ജനസംഖ്യയുള്ള ഗസ്സയിൽ ഒരിക്കലെങ്കിലും പലായനം ചെയ്യാത്തവർ അത്യപൂർവമാകും. ഗസ്സയുടെ പുനർനിർമാണമാണ് മൂന്നാം ഘട്ടത്തിൽ നടക്കുക. ഈ ഘട്ടത്തിലും ഇസ്രായേൽ സേന ഗസ്സയിൽ തുടരും
Post a Comment