കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്യുന്ന ഹജ്ജ് തീർഥാടകരിൽ നിന്ന് അമിതമായ വിമാന നിരക്ക് ഈടാക്കുന്നത് അനീതിയാണെന്നും പുതിയ ടെണ്ടർ പ്രകാരം ഈടാക്കാൻ പോകുന്ന കൂടിയ നിരക്ക് തിരുത്തി ഉത്തരവിറക്കണമെന്നും ബോധ്യപ്പെടുത്തുന്നതിന്
കേന്ദ്ര വ്യോമയാന വകുപ്പ് സെക്രട്ടറി വുംലുൻമാങ് വുവൽനമുമായി അഡ്വക്കറ്റ് ഹാരിസ് ബീരാൻ കൂടിക്കാഴ്ച നടത്തി.


കൂടാതെ, ഏറെക്കാലമായി നടക്കുന്ന കോഴിക്കോട് വിമാനത്താവള റൺവെ വികസനം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

 ഇ ടി മുഹമ്മദ്‌ ബഷീർ കഴിഞ്ഞ ദിവസം കേന്ദ്ര ന്യുനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജ്ജുവുമായി ഇതേ വിഷയത്തിൽ കൂടിക്കാഴ്ച നടത്തിയിരിന്നു.

അതിന്റെ തുടർച്ചയെന്നോണം ഇ ടി യുടെയും വഹാബ് ന്റെയും നിർദ്ദേശപ്രകാരമാണ് വ്യോമയാന വകുപ്പ് സെക്രട്ടറിയെ കണ്ടത് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ ഹജ്ജ് എംബാർക്കേഷൻ പോയിന്റുകളിലൊന്നായി പ്രവർത്തിക്കുന്ന കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര പോകുന്ന തീർഥാടകരിൽ ഭൂരിഭാഗവും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള സാധാരണക്കാരാണ്. അവിടെയാണ് അന്യായമായ രീതിയിൽ വിമാനചാർജ്ജ് വർധിപ്പിച്ചിരിക്കുന്നത്. അവ തിരുത്തി പുനസ്ഥാപിക്കുന്നതിന് വേണ്ട നടപടികളെ കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് രാജ്യത്തെ വ്യോമയാന മേഖലയിലെ ഉയർന്ന ഉദ്യോഗസ്തനുമായി അഡ്വക്കറ്റ് ഹാരിസ് ബീരാൻ കൂടിക്കാഴ്ച നടത്തിയത്.

കഴിഞ്ഞ വർഷം ഹജ്ജ് തീർഥാടകർക്ക് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഏകദേശം 88,772 രൂപയും കൊച്ചി വിമാനത്താവളത്തിൽ നിന്ന് 89,188 രൂപയും ഈടാക്കിയപ്പോൾ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള തീർഥാടകർക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് ഒരു ടിക്കറ്റിന് 75000രൂപ അധികം ഈടാക്കി 1,64,329 രൂപയാണ് വാങ്ങാൻ നിശ്ചയിച്ചിരുന്നത്.
പ്രതിഷേധത്തെ തുടർന്ന് അത് പുതുക്കി നിശ്ചയിച്ചിരുന്നെങ്കിലും 40000രൂപയുടെ വ്യത്യാസത്തിൽ ഹാജിമാർ പണമടക്കേണ്ടി വന്നിരിന്നു.
നിർഭാഗ്യവശാൽ, വരാനിരിക്കുന്ന 2025 ഹജ്ജ് സീസണിലെ ടെണ്ടർ പരിശോധിക്കുമ്പോൾ സമാനമായ ഒരു അസമത്വം നിലനിൽക്കുന്നത് കണ്ടതിനാലാണ് നേരത്തെ തന്നെ ഉന്നത ഉദ്യോഗസ്ഥരും കേന്ദ്ര മന്ത്രിമാരുമായി വിഷയത്തിൽ അദ്ദേഹം ചർച്ച നടത്തുന്നത്.

കോഴിക്കോട്ടെ ഹജ്ജ് തീർഥാടകരുമായി ബന്ധപ്പെട്ട വിഷയത്തിൽ തികഞ്ഞ അനീതി നിലനിൽക്കുന്നുണ്ടെന്നും, സാധാരണക്കാരായ ഹാജിമാരുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കാൻ ശ്രമിക്കുമെന്നും വിഷയം മൈനോറിറ്റി വകുപ്പിന്റെ കൂടി പരിധിയിൽ വരുന്നതായതിനാൽ അവരുടെ കൂടി അഭിപ്രായമറിഞ്ഞ ശേഷം വേണ്ട നടപടി കൈകൊള്ളാമെന്നും വകുപ്പ് സെക്രട്ടറി ഉറപ്പ് നൽകി.

അതോടൊപ്പം എയർ ഇന്ത്യയെപ്പോലുള്ള സ്വകാര്യ കമ്പനികൾ കൈവശപ്പെടുത്തിയ ടെണ്ടറാണെന്നിരിക്കെ അവരുമായി കൂടിക്കാഴ്ച നടത്തി പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നതും ഉചിതമാവുമെന്ന് സിവിൽ എവിയേഷൻ സെക്രട്ടറി നിർദ്ദേശിച്ചു.

കോഴിക്കോട് ടേബിൾ ടോപ് റൺവെ സംവിധാനം ഉയർന്ന് നിൽക്കുന്നതുകൊണ്ടാണ് നവീകരണ പ്രവർത്തി വേഗത്തിൽ പൂർത്തീകരിക്കാൻ സാധിക്കാത്തത് എന്നും സെക്രട്ടറി അതോടൊപ്പം മറുപടി നൽകി.

സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചക്ക്ക്‌ ശേഷം കേന്ദ്ര ന്യൂനപക്ഷ കാര്യസഹമന്ത്രി ജോർജ് കൂര്യന് വിഷയത്തിൽ കത്തയക്കുകയും വിളിച്ചു സംസാരിക്കുകയും ചെയ്തു എന്ന്
ഹാരിസ് ബീരാൻ പറഞ്ഞു.


Post a Comment

Previous Post Next Post