വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ചു കൊന്ന കടുവയ്ക്കായുള്ള വനംവകുപ്പിന്റെ തിരച്ചിൽ ഇന്നും തുടരും. സമീപ ജില്ലകളിൽ നിന്നുള്ള കൂടുതൽ ആർആർടി ഇന്ന് പ്രദേശത്ത് എത്തും. ചീഫ് വെറ്ററിനറി സർജൻ ഡോ അരുൺ സക്കറിയ ഉൾപ്പെടെയുള്ള വിദഗ്ധർ ദൗത്യത്തിൻ്റെ ഭാഗമായി മേഖലയിലുണ്ട്.
രാവിലെ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന തുടങ്ങും. കടുവയെ ട്രാക്ക് ചെയ്താൽ ആർ ആർ ടി സംഘം ആ പ്രദേശത്തേക്ക് നീങ്ങും. മൂന്ന് കൂടുകളാണ് കടുവയെ പിടികൂടാനായി സ്ഥാപിച്ചിട്ടുള്ളത്. പഞ്ചാരക്കൊല്ലിയിലേയും പരിസരത്തെയും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 4 ഡിവിഷനുകളിലെ നിരോധനാജ്ഞയോട് ജനങ്ങൾ സഹകരിക്കണമെന്ന് അറിയിപ്പ്. ആൾക്കൂട്ടം ഒഴിവാക്കണം എന്നും നിർദേശമുണ്ട്.
ആക്രമണം നടത്തിയത് കേരളത്തിൻ്റെ ഡാറ്റാബേസ്സിൽ ഇല്ലാത്ത കടുവയാണ് എന്നാണ് നിഗമനം. കടുവയുടെ ഐഡി ലഭ്യമാക്കാൻ ഉള്ള നടപടികൾ തുടരുകയാണ്. കേരള വനംവകുപ്പ് കർണാടക വനം വകുപ്പിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്. മന്ത്രി എ കെ ശശീന്ദ്രൻ ഇന്ന് വയനാട്ടിൽ എത്തും. കടുവ ആക്രമണവുമായി ബന്ധപ്പെട്ട് കളക്ട്രേറ്റിൽ ഇന്ന് അവലോകന യോഗം ചേരും. വനംമന്ത്രി എകെ ശശീന്ദ്രൻ ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കും. രാവിലെ 11 മണിക്ക് കൽപ്പറ്റയിൽ ഉന്നതതലയോഗം നടക്കും. കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തെ മന്ത്രി സന്ദർശിക്കാനും സാധ്യതയുണ്ട്.
Post a Comment