ശ്രീഹരിക്കോട്ട:
നൂറാം റോക്കറ്റ് വിക്ഷേപിച്ച് ചരിത്രമെഴുതി ഐ.എസ്.ആർ.ഒ. ഗതിനിർണയ ഉപഗ്രഹമായ ‘എൻവിഎസ്-02’ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ബുധനാഴ്ച രാവിലെ 6.23നു ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നാണ് എൻ.വി.എസ് -02 ഉപഗ്രഹവുമായി ജി.എസ്.എൽ.വി റോക്കറ്റ് കുതിച്ചുയർന്നത്.
19 മിനിറ്റിൽ ഉപഗ്രഹത്തെ നിർണായക ഭ്രമണപഥത്തിലെത്തിച്ചു. ഐ.എസ്.ആർ.ഒയുടെ ശ്രീഹരിക്കോട്ടയിൽനിന്നുള്ള നൂറാമത് വിക്ഷേപണമാണിത്. ജനുവരി 13ന് വി. നാരായണൻ ഐ.എസ്.ആർ.ഒ ചെയർമാനായി ചുമതലയേറ്റശേഷമുള്ള ആദ്യ വിക്ഷേപണവും. വിക്ഷേപണത്തിനുള്ള 27.30 മണിക്കൂർ കൗണ്ട്ഡൗൺ ചൊവ്വാഴ്ച 2.53ന് തുടങ്ങിയിരുന്നു.
ഉപഗ്രഹത്തെ കൃത്യമായി നിശ്ചയിച്ച ഭ്രമണപഥത്തിൽ എത്തിക്കാനായി. ഐ.എസ്.ആർ.ഒയുടെ നൂറാം ദൗത്യമാണെന്നും നിർണായകമായ ചുവടുവെപ്പാണെന്നും വിക്ഷേപണത്തിനുശേഷം നാരായണൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ദിശാനിർണയത്തിനുള്ള ഉപഗ്രഹ സംവിധാനത്തിൽ നിലവിലുള്ളവക്ക് പകരമായി ബഹിരാകാശ ഏജൻസി വികസിപ്പിച്ച അഞ്ച് രണ്ടാം തലമുറ ഉപഗ്രഹങ്ങളിൽ രണ്ടാമത്തേതാണ് എൻ.വി.എസ് -02. രണ്ടാം തലമുറ ഉപഗ്രഹങ്ങളിൽ ആദ്യത്തേതായ എൻ.വി.എസ് -01 2023 മേയ് 29ന് വിക്ഷേപിച്ചിരുന്നു. യു.ആർ സാറ്റലൈറ്റ് സെന്ററിൽ വികസിപ്പിച്ച എൻ.വി.എസ് -02 ഉപഗ്രഹത്തിന് 2,250 കിലോ ഭാരമാണുള്ളത്. എൽ1, എൽ5, എസ്, സി ബാൻഡുകളിലെ ദിശാനിർണയ പേലോഡുകളാണ് ഉപഗ്രഹത്തിലുള്ളത്.
Post a Comment