കോഴിക്കോട്:
ഭൂമി തരംമാറ്റൽ നടപടികൾ വേഗത്തിലാക്കാൻ താലൂക്കുതല വികേന്ദ്രീകരണ സംവിധാനം നടപ്പാക്കിയിട്ടും സംസ്ഥാനത്ത് അപേക്ഷകൾ കെട്ടിക്കിടക്കുന്നു. 2021 മുതലുള്ള അപേക്ഷകളാണ് പല ജില്ലകളിലും കെട്ടിക്കിടക്കുന്നത്.
സർക്കാറിന് വൻ സാമ്പത്തിക ലാഭമുണ്ടാകുന്ന തരംമാറ്റൽ നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാനത്ത് 27 റവന്യൂ ഡിവിഷൻ ഓഫിസർമാർ (ആർ.ഡി.ഒ), സബ് കലക്ടർമാർ എന്നിവർ തീർപ്പുകൽപിച്ചിരുന്ന തരംമാറ്റ പ്രക്രിയ 71 ഡെപ്യൂട്ടി കലക്ടർമാർക്ക് വിഭജിച്ചു നൽകിയിട്ടും അപേക്ഷകൾ മാസങ്ങളായി കെട്ടിക്കിടക്കുകയാണ്.
ഭൂമി തരംമാറ്റൽ അപേക്ഷകൾ തീർപ്പാക്കുന്നത് ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി, കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം റവന്യൂ ഡിവിഷനൽ ഓഫിസർമാർക്ക് മാത്രമുണ്ടായിരുന്ന അധികാരങ്ങൾ നിയമഭേദഗതിയിലൂടെ ഡെപ്യൂട്ടി കലക്ടർമാർക്കുകൂടി നൽകിയാണ് പരിഷ്കരണം കൊണ്ടുവന്നത്.
കഴിഞ്ഞ ജൂലൈ ഒന്നു മുതലാണ് ഇത് സംസ്ഥാനത്ത് നടപ്പാക്കിയത്. എന്നിട്ടും ആയിരക്കണക്കിന് അപേക്ഷകളാണ് തീർപ്പാകാതെ കിടക്കുന്നത്. നടപടികൾ അതിവേഗത്തിലാക്കുന്നതിന് സോഫ്റ്റ്വെയർ ക്രമീകരണങ്ങളും ജീവനക്കാരുടെ പുനർവിന്യാസവും നടത്തിയിരുന്നു.
68 ജൂനിയർ സൂപ്രണ്ട് തസ്തികയിലും 181 ക്ലർക്ക് തസ്തികയിലും ജീവനക്കാരെ വിവിധ ഡെപ്യൂട്ടി കലക്ടർമാർക്കുകീഴിൽ നിയമിച്ചു. കൂടാതെ 123 സർവേയർമാരെ താൽക്കാലികമായി നിയമിച്ചു. വില്ലേജ് ഓഫിസുകളിലും താലൂക്ക് ഓഫിസുകളിലുമുള്ള ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിന് ഇ-ഓഫിസ് സംവിധാനവും ഏർപ്പെടുത്തിയിരുന്നു.
ഓഫിസുകളിൽ നിന്നുള്ള 779 ഒ.എമാരെയും 243 ടൈപ്പിസ്റ്റ്മാരെയും വില്ലേജ്/താലൂക്ക് ഓഫിസുകളിലേക്ക് പുനർവിന്യസിച്ചിട്ടും നടപടികൾക്ക് വേഗതയില്ല. ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്തമാണ് അപേക്ഷകൾ കെട്ടിക്കിടക്കുന്നതിന് കാരണമാകുന്നതെന്നാണ് ആക്ഷേപം.
പ്രമോഷൻ പ്രതീക്ഷിച്ചിരിക്കുന്ന ഡെപ്യൂട്ടി കലക്ടർമാർ, വിവാദത്തിനിടയാക്കുമെന്ന ആശങ്കയിൽ ഫയലുകൾ തൊടുന്നില്ലെന്നും ആക്ഷേപമുയരുന്നു. സ്ഥലപരിശോധന നടത്തി നടപടികൾ വേഗത്തിലാക്കാൻ ഓരോ ഓഫിസിനും വാഹനം വാടകക്കെടുക്കാൻ അനുമതി നൽകിയിരുന്നു.
വാടക കുടിശ്ശികയായതോടെ മാസങ്ങളായി വാഹനവുമില്ലാത്ത അവസ്ഥയാണ്. എന്നാൽ, നിയമസാധുതയില്ലാത്തവക്ക് തരംമാറ്റം ലഭിക്കുകയും ഭൂമിയുടെ ഘടന മാറ്റുകയും ചെയ്തിട്ടുമുണ്ട്. ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് പലരും ഇത് നേടിയെടുത്തത്. ഇക്കാര്യത്തിൽ പരാതി ലഭിച്ചാൽ പുനഃപരിശോധിക്കുമെന്നും റവന്യൂ അധികൃതർ അറിയിച്ചു.
തരംമാറ്റം
റവന്യൂ രേഖകളിൽ ഒരു ഇനത്തിൽപ്പെട്ട ഭൂമി മറ്റൊരു ഇനത്തിൽ രേഖപ്പെടുത്തുന്നതിനെയാണ് തരംമാറ്റംകൊണ്ട് ഉദ്ദേശിക്കുന്നത്. ഭൂമിയുടെ വിവിധ തരം ഇനങ്ങൾ പുരയിടം, കൃഷി നിലം, തണ്ണീർത്തടം എന്നിവയായാണ് രേഖപ്പെടുത്തപ്പെടുന്നത്.
നെൽവയൽ/തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം തയാറാക്കിയ ഡേറ്റ ബാങ്കിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭൂമി തരം മാറ്റുന്നതിനാണ് അപേക്ഷിക്കുന്നത്. ഡേറ്റ ബാങ്കിൽ നിന്ന് ഭൂമി ഒഴിവാക്കൽ, തരംമാറ്റലിനുള്ള ഉത്തരവ് സമ്പാദിക്കൽ, റവന്യൂ രേഖകളിൽ ഇനംമാറ്റം വരുത്തൽ എന്നിങ്ങനെ മൂന്നു പ്രധാന ഘട്ടങ്ങളായാണ് തരംമാറ്റം.
തരംമാറ്റൽ നടപടികൾ
• ഭൂമി തരംമാറ്റം സംബന്ധിച്ച അപേക്ഷകൾ revenue.kerala.gov.in പോർട്ടൽ മുഖേന മാത്രമാണ് സ്വീകരിക്കുന്നത്
• അപേക്ഷകർക്ക് എവിടെ നിന്നും സ്വന്തമായോ അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെയോ അപേക്ഷ നൽകാം
• അപേക്ഷയിലെ നടപടി വിവരങ്ങൾ നിരീക്ഷിക്കാവുന്നതുമാണ്.
• 25 സെന്റ് വിസ്തീർണമുള്ള വസ്തു ഉടമകൾ തരംമാറ്റത്തിന് ഫീസ് നൽകേണ്ടതില്ല. ഫോറം 5ന് അപേക്ഷാ ഫീസ് 100 രൂപയും ഫോറം 6, 7 എന്നിവയുടെ അപേക്ഷാ ഫീസ് 1000 രൂപയും ആണ്.
• 25 സെന്റിൽ അധികം വിസ്തീർണമുള്ള ഭൂമിക്ക് ന്യായവിലയുടെ 10 ശതമാനം ഫീസ് അടക്കണം.
കടപ്പാട് : മാധ്യമം
Post a Comment