കണ്ണൂർ: പയ്യാമ്പലത്ത് റിസോര്‍ട്ടിന് തീയിട്ടശേഷം സുരക്ഷ ജീവനക്കാരൻ ജീവനൊടുക്കി. ബാനൂസ് ബീച്ച് എന്‍ക്ലേവിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.

തീയിട്ടതിനു പിന്നാലെ റിസോര്‍ട്ടിൽനിന്ന് ഓടിപ്പോയ ജീവനക്കാരനെ കിണറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റിസോര്‍ട്ടിന് തീ പടര്‍ന്നതിനെ തുടര്‍ന്ന് ആളുകള്‍ നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. റിസോര്‍ട്ടിലെ ആര്‍ക്കും സംഭവത്തിൽ പരിക്കില്ല. റിസോര്‍ട്ടിലെ തീ അഗ്നിശമന സേന എത്തി നിയന്ത്രണ വിധേയമാക്കി.

ജീവനക്കാരനെ ജോലിയിൽനിന്ന് പിരിച്ചുവിടാനുള്ള തീരുമാനം അറിയിച്ചതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. റിസോര്‍ട്ടിലെ താഴത്തെ നിലയിൽ ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ടശേഷം രണ്ട് വളര്‍ത്തു നായകളെയും മുറിയിൽ അടച്ചിട്ട് തീയിടുകയായിരുന്നു. തീ പടരുന്നത് കണ്ട് റിസോര്‍ട്ടിൽ താമസിക്കുന്നവര്‍ ഉടൻ തന്നെ അഗ്നിശമന സേനയെ വിവരം അറിയിച്ചു.

റിസോര്‍ട്ടിന്‍റെ താഴത്തെ നില പൂർണമായും കത്തിനശിച്ചു. 
തീ കൊളുത്തിയശേഷം ജീവനക്കാരൻ ഓടിപ്പോയി കിണറ്റിന് മുകളിൽ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.



Post a Comment

Previous Post Next Post