താമരശ്ശേരി :
അടിവാരം 110 കെ.വി. സബ് സ്റ്റേഷന്‍ നിര്‍മാണം മന്ത്രി ഉദ്ഘാടനം ചെയ്തു
പൊതു സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും


മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കു വര്‍ദ്ധനയാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ കഴിഞ്ഞ ആഴ്ച ഇറക്കിയ താരീഫ് പരിഷ്‌കരണത്തിലുള്ളതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. 2024-25 ല്‍ 16 പൈസയും 2025-26 ല്‍ 12 പൈസയും 2026-27 ല്‍ നിരക്ക് വര്‍ധന ഇല്ലാതെയുമാണ് കമ്മീഷന്‍ തീരുമാനിച്ചത്. 2011-16-ല്‍ 49.2 ശതമാനമായിരുന്നു നിരക്കുവര്‍ധന. എന്നാല്‍, 2016 മുതല്‍ 2024 വരെയുള്ള എട്ടര വര്‍ഷം 21.68 ശതമാനം മാത്രമാണ് വൈദ്യുതി നിരക്കില്‍ വര്‍ധനവ് വരുത്തിയതെന്നും മന്ത്രി വ്യക്തമാക്കി. അടിവാരം 110 കെ.വി. സബ് സ്റ്റേഷന്‍ നിര്‍മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വൈദ്യുതി വിതരണ കമ്പനിയായ ബെസ്‌കോം കര്‍ണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനു നല്‍കിയ ബഹുവര്‍ഷ താരിഫ് അപേക്ഷയില്‍ 2025-26ല്‍ യൂണിറ്റിന് 67 പൈസയും 2026-27ല്‍ 74 പൈസയും 2027-28 91 പൈസയും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് നിര്‍ദ്ദേശിച്ചത്. മഹാരാഷ്ട്രയില്‍ വൈദ്യുതി വിതരണം നടത്തുന്ന അദാനി പവര്‍ ലിമിറ്റഡിന്റെ ഗാര്‍ഹിക വൈദ്യുതി നിരക്കുകള്‍ കേരളത്തിനേക്കാള്‍ വളരെ കുറവാണെന്ന പ്രചരണം തെറ്റാണ്. എനര്‍ജി ചാര്‍ജിന് പുറമേ, പ്രതിമാസം 90 രൂപ ഫിക്‌സഡ് ചാര്‍ജ്ജും യൂണിറ്റൊന്നിന് 2.60 രൂപ ക്രമത്തില്‍ വീലിങ്ങ് ചാര്‍ജ്ജും ഇതിനു പുറമേ 16 ശതമാനം ഇലക്ട്രിസിറ്റി ഡ്യൂട്ടിയും 45 മുതല്‍ 80 പൈസവരെ ഫ്യൂവല്‍ സര്‍ചാര്‍ജും കൊടുക്കേണ്ടി വരും. അദാനി പവറിനെക്കാള്‍ 50 യൂണിറ്റിന് 231 രൂപയും 100 യൂണിറ്റിന് 333 രൂപയും 200 യൂണിറ്റിന് 596 രൂപയും 250 യൂണിറ്റിന് 696 രൂപയും കുറവാണ് കേരളത്തിലെ നിരക്കെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സ്വകാര്യ കമ്പനികള്‍ക്ക് വൈദ്യുതി വിതരണ മേഖലയിലേക്ക് കടന്നുവരാനുള്ള നയ സമീപനങ്ങളാണ് വിവിധ ഉത്തരവുകളിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. ഇതിന്റെ ഭാഗമായാണ് വൈദ്യുതി നിരക്കുകള്‍ എല്ലാ വര്‍ഷവും പരിഷ്‌കരിക്കണം എന്ന നിര്‍ദ്ദേശം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനുകള്‍ക്ക് നല്‍കിയതെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി ചട്ട ഭേദഗതിയിലൂടെ വൈദ്യുതി വാങ്ങല്‍, പ്രസരണ നിരക്ക്, ഇന്ധന നിരക്ക് തുടങ്ങിയ അധികച്ചെലവ് കമ്പനികള്‍ക്ക് ഉപയോക്താക്കളില്‍നിന്ന് വൈദ്യുതി നിരക്കിലൂടെ ഈടാക്കാമെന്ന് ഉറപ്പാക്കി. ഇതിനായി റഗുലേറ്ററി കമീഷന്റെ അനുമതിയില്ലാതെ എല്ലാമാസവും വൈദ്യുതി നിരക്ക് കൂട്ടാന്‍ കമ്പനികള്‍ക്ക് അനുവാദം നല്‍കിയതായും മന്ത്രി പറഞ്ഞു.
കെഎസ്ഇബി, സര്‍ക്കാര്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള സാധ്യമായ സ്ഥലങ്ങളില്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്തുടനീളം കൂടുതല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കിവരുകയാണ്. കെ.എസ്.ഇ.ബി.എല്‍ ഇന്‍സ്റ്റാള്‍ ചെയ്ത 63 ഡിസി ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ 58 സ്റ്റേഷനുകളിലും പുതുതലമുറ സിസിഎസ് 2 ചാര്‍ജര്‍ ഉണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഫെയിം 2 സ്‌കീമിന് കീഴില്‍ 70 ശതമാനം കേന്ദ്ര സബ്‌സിഡിയോടെ ഇന്‍സ്റ്റാള്‍ ചെയ്ത നിലവില്‍ സിസിഎസ് 2 ചാര്‍ജര്‍ ഇല്ലാത്ത അഞ്ച് സ്ലോ സ്റ്റേഷനുകളില്‍ ഒന്നായ പുതുപ്പാടിയില്‍ ഉള്‍പ്പടെ അത്തരം ചാര്‍ജറുകള്‍ സ്ഥാപിക്കുന്നതിനുള്ള അനുമതിക്കായി കേന്ദ്ര സര്‍ക്കാരിനോട് അപേക്ഷിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.  

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 1,067.7 മെഗാവാട്ട് അധിക ഉത്പാദന ശേഷി കൈവരിച്ചിട്ടുണ്ട്. ഇതില്‍ 979.2 മെഗാവാട്ട് സൗരോര്‍ജ്ജത്തില്‍ നിന്നും, 88.55 മെഗാവാട്ട് ജലവൈദ്യുത പദ്ധതികളില്‍ നിന്നുമാണ് ഉത്പാദിപ്പിച്ചത്.
പ്രസരണ മേഖലയില്‍ 25 സബ് സ്റ്റേഷനുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. അടിവാരം, പന്തീരാങ്കാവ് ഉള്‍പ്പടെ 33 സബ് സ്റ്റേഷനുകളുടെ നിര്‍മ്മാണം ആരംഭിച്ചു. അടിവാരം, ഈങ്ങാപ്പുഴ, കൈതപ്പൊയില്‍, പുതുപ്പാടി, കണ്ണോത്ത്, കോടഞ്ചേരി പ്രദേശങ്ങളിലെ വൈദ്യുതിവിതരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായാണ് പുതുപ്പാടി പഞ്ചായത്തിലെ അടിവാരത്ത് 110 കെ.വി സബ്‌സ്റ്റേഷന്‍ നിര്‍മ്മിക്കുന്നത്.

നിലവില്‍ കുന്ദമംഗലം 220 കെ.വി. സബ് സ്റ്റേഷന്‍ മുതല്‍, താമരശ്ശേരി 110 കെ.വി. സബ് സ്റ്റേഷന്‍ വരെയുള്ള വൈദ്യുതിലൈന്‍ പൂര്‍ണമായും 110 കെ.വി.യിലേക്ക് ശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്. അടിവാരം സബ്‌സറ്റേഷന്റെ നിര്‍മാണപ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതോടെ താമരശ്ശേരി മുതല്‍ അടിവാരം വരെയുള്ള പ്രസരണശൃംഖലയും 110 കെ.വി.യാകുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ലിന്റോ ജോസഫ് എംഎല്‍എ അധ്യക്ഷനായി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്‌റഫ്, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നീസ ഷരീഫ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ്, ജില്ല പഞ്ചായത്ത് അംഗം അംബിക മംഗലത്ത്, പുതുപ്പാടി ഗ്രാമപഞ്ചായത്ത് അംഗം ഉഷ വിനോദ്, പുതുപ്പാടി ഗ്രാമപഞ്ചായത്ത് അംഗം ആയിഷക്കുട്ടി സുല്‍ത്താന്‍, ട്രാന്‍സ്മിഷന്‍ ആന്‍ഡ് സിസ്റ്റം ഓപ്പറേഷന്‍ ഡയറക്ടര്‍ എസ് ശിവദാസ്, ചീഫ് എഞ്ചിനിയര്‍ ട്രാന്‍സ്മിഷന്‍ നോര്‍ത്ത് കെ ശാന്തി തുടങ്ങിയവര്‍ പങ്കെടുത്തു.

പദ്ധതി 2026 മാര്‍ച്ചോടെ പൂര്‍ത്തീകരിക്കും

കോഴിക്കോട് ജില്ലയില്‍ പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന പുതുപ്പാടി, അടിവാരം, കൈതപ്പൊയില്‍, ഈങ്ങാപ്പുഴ, കണ്ണോത്ത്, കോടഞ്ചേരി എന്നീ പ്രദേശങ്ങളില്‍ നിലവില്‍ താമരശ്ശേരി 110 കെ. വി. സബ്‌സ്റ്റേഷനില്‍ നിന്നാണ് വൈദ്യുതി എത്തിക്കുന്നത്. ദൈര്‍ഘ്യമേറിയ 11 കെ. വി. ഫീഡര്‍ ലൈനുകളും പ്രദേശത്തിന്റെ ഭൂസ്വഭാവവും കാരണം വൈദ്യുതി വിതരണത്തില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന മേഖലയാണിത്. സബ്‌സ്റ്റേഷന്‍ നിര്‍മ്മിക്കാനായി 11.5 കോടി രൂപയുടെ ഭരണാനുമതി 2019 ഡിസംബറിലാണ് ലഭിച്ചത്. സബ്‌സ്റ്റേഷന്‍ നിര്‍മ്മാണത്തിന് അനുബന്ധമായി നിലവിലെ താമരശ്ശേരി മുതല്‍ വയനാട് കൂത്തുമുണ്ട വരെയുള്ള 20 കി. മീ 66 കെ. വി. സിംഗിള്‍ സര്‍ക്യൂട്ട് ലൈന്‍ 110 കെ. വി. ഡബിള്‍ സര്‍ക്യൂട്ട് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പ്രവൃത്തികള്‍ക്കും തുടക്കമായിട്ടുണ്ട്. ഈ പദ്ധതിയുടെ ആദ്യഘട്ടമായി താമരശ്ശേരി മുതല്‍ അടിവാരം സബ്‌സ്റ്റേഷന്‍ വരെയുള്ള 66 കി. മീ ലൈന്‍ സബ്‌സ്റ്റേഷന്‍ നിര്‍മ്മാണത്തോടൊപ്പം പൂര്‍ത്തികരിക്കും. ഈ സബ്‌സ്റ്റേഷന്‍ വരുന്നതോടുകൂടി ഇടതടവില്ലാതെ ഗുണമേന്മയുള്ള വൈദ്യുതി ഈ പ്രദേശങ്ങളില്‍ ലഭ്യമാവും. ഈ സബ്‌സ്റ്റേഷന്റെ നിര്‍മ്മാണം പൂര്‍ണമായും കെഎസ് ഇബി ലിമിറ്റഡിന്റെ തനത് ഫണ്ടുപയോഗിച്ച് 2026 മാര്‍ച്ചോടെ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.

Post a Comment

Previous Post Next Post