കേന്ദ്രസർക്കാർ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നാളെ വീണ്ടും ഡൽഹി ചലോ മാർച്ചിന് തയ്യാറെടുത്ത് കർഷകർ. ഇന്നലെ ഡൽഹിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയെങ്കിലും ശംഭുവിൽ വച്ച് ഹരിയാന പോലീസ് തടഞ്ഞിരുന്നു. അർദ്ധ സൈനിക വിഭാഗം കണ്ണീർവാതകം പ്രയോഗിച്ചതോടെ ഡൽഹി മാർച്ചിൽ നിന്ന് കർഷകർ താൽക്കാലികമായി പിൻവാങ്ങുകയായിരുന്നു.


ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രസർക്കാരിന് ഒരു ദിവസത്തെ സമയവും നൽകി. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാൻ ആണ് കർഷകരുടെ തീരുമാനം. 101 കർഷകരാണ് ഡൽഹിയിലേക്കുള്ള പ്രതിഷേധ മാർച്ചിന്റെ ഭാഗമായത്. കർഷക സമരം മുൻനിർത്തി ഡൽഹി അതിർത്തികളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

അതേസമയം കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ഭാഗീരഥ് ചൗധരി പ്രഖ്യാപിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും ഇതുവരെയും യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. കര്‍ഷക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഹരിയാനയിലെ അംബാലയില്‍ ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തി.

ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ കര്‍ഷക പ്രതിഷേധത്തിനു നേതൃത്വം നല്‍കുന്ന കിസാന്‍ സഭ നേതാവ് ഡോ രൂപേഷ് വര്‍മയെ പോലീസ് അറസ്റ്റ് ചെയ്തു.ഗ്രേറ്റര്‍ നോയിഡയില്‍ വച്ചു വാഹനം തടഞ്ഞു നിര്‍ത്തിയാണ് അറസ്റ്റ് എന്നും, മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാതെ ജയിലില്‍ അടച്ചെന്നും കിസാന്‍ സഭ ആരോപിച്ചു. യുപി യില്‍ സമരത്തിനിടെ ഇതുവരെ 200ലേറെ കര്‍ഷകരെ പൊലീസ് അറസ്റ്റ് ചെയ്തു.
 

Post a Comment

Previous Post Next Post