തിരുവനന്തപുരം
വയനാട്‌ ഉരുൾപൊട്ടൽ ദുരന്തബാധിതരെ സഹായിക്കാൻ തയ്യാറാകാത്ത കേന്ദ്ര സർക്കാരിന്‌ താക്കീതായി കേരളത്തിന്റെ പ്രതിഷേധം. എൽഡിഎഫ്‌ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സമരം മോദി സർക്കാരിനെതിരെയുള്ള പ്രതിഷേധാഗ്നിയായി. തിരുവനന്തപുരത്ത്‌ രാജ്‌ഭവനിലേക്കും മറ്റു ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കുമായിരുന്നു മാർച്ച്.

ഓരോ കേന്ദ്രങ്ങളിലും വയനാടിന്‌ ഐക്യദാർഢ്യവുമായി ജനലക്ഷങ്ങൾ അണിനിരന്നു. വയനാടെന്താ ഇന്ത്യയിലല്ലേ എന്ന മുദ്രവാക്യമുയർത്തിയായിരുന്നു പ്രക്ഷോഭം.

ധനസഹായം ലഭ്യമാക്കണമെന്ന്‌ സംസ്ഥാന സർക്കാർ നിരന്തരം ആവശ്യപ്പെടുകയും വിഷയത്തിൽ ഹൈക്കോടതി ഇടപെടുകയും ചെയ്‌തിട്ടും കേന്ദ്രം തുടരുന്ന അവഗണനക്കെതിരായ ജനരോഷം അണപൊട്ടി. ദുരന്തഘട്ടത്തിൽ വ്യോമസേന നടത്തിയ രക്ഷാപ്രവർത്തനത്തിന്‌ ചെലവായ തുക എന്ന പേരിൽ 153 കോടി രൂപ ദുരന്തനിവാരണ നിധിയിൽനിന്ന്‌ പിടിച്ചെടുക്കുകയും ചെയ്‌ത കേന്ദ്ര നിലപാടും പ്രതിഷേധം ആളിക്കത്തിച്ചു.

തിരുവനന്തപുരത്ത്‌ മ്യൂസിയം ജങ്‌ഷനിൽനിന്ന്‌ ആരംഭിച്ച പ്രകടനം രാജ്‌ഭവനു മുന്നിൽ പൊലീസ്‌ തടഞ്ഞു. ധർണ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്‌തു. 

എറണാകുളത്ത്‌ എൻസിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ, കൊല്ലത്ത്‌ എൽഡിഎഫ്‌ കൺവീനർ  ടി പി രാമകൃഷ്‌ണൻ, പത്തനംതിട്ടയിൽ മാത്യു ടി തോമസ്‌ എംഎൽഎ, ആലപ്പുഴയിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി,  കോട്ടയത്ത്‌  കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ഡോ. എൻ ജയരാജ്, ഇടുക്കിയിൽ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം  കെ പ്രകാശ്‌ബാബു, തൃശൂരിൽ സിപിഐ ദേശീയ എക്‌സിക്യൂട്ടീവ്‌ അംഗം കെ  പി രാജേന്ദ്രൻ, പാലക്കാട്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ, മലപ്പുറത്ത് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം, കോഴിക്കോട്‌  ആർജെഡി സംസ്ഥാന പ്രസിഡന്റ്‌ എം വി ശ്രേയാംസ്‌കുമാർ,  വയനാട്ടിൽ  അഹമ്മദ് ദേവർകോവിൽ എംഎൽഎ, കണ്ണൂരിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ,  കാസർകോട് സിപിഐ സംസ്ഥാന അസിസ്റ്റന്റ്‌ സെക്രട്ടറി ഇ ചന്ദ്രശേഖരൻ  എന്നിവർ  ഉദ്‌ഘാടനം ചെയ്‌തു.
 

Post a Comment

Previous Post Next Post