കോന്നി: തഹസിൽദാരുടെ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എ.ഡി.എം കെ. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ജില്ല ഭരണകൂടത്തിന് അപേക്ഷ നൽകി. കൂടിയ ഉത്തരവാദിത്തങ്ങൾ വഹിക്കാനുള്ള മാനസികാവസ്ഥയിലല്ലെന്ന് കാണിച്ചാണ് അപേക്ഷ നൽകിയത്. പത്തനംതിട്ട കലക്ടറേറ്റിലെ സീനിയർ സൂപ്രണ്ട് തസ്തികയിലേക്ക് മാറ്റിനൽകണമെന്നാണ് ആവശ്യം.

സർവിസ് സംഘടനകൾക്കും ഇക്കാര്യത്തിൽ അനുകൂല നിലപാടെന്നാണ് സൂചന. കോന്നി തഹസിൽദാരായ മഞ്ജുഷ നിലവിൽ അവധിയിലാണ്. അടുത്തമാസമാണ് ജോലിയിൽ തിരികെ പ്രവേശിക്കുക.

എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി.പി.എം നേതാവും കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. കണ്ണൂർ ജില്ല വിട്ടുപോകരുത്, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ ഉപാധികളോടെയാണ് തലശ്ശേരി പ്രിൻസിപ്പൽ ​ജില്ല സെഷൻസ് കോടതി ജാമ്യം നൽകിയത്.

പി.പി. ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈകോടതിയിയെ സമീപിക്കും. നിലവിലെ എസ്‌.ഐ.ടി അന്വേഷണം കാര്യക്ഷമമല്ല. ഗൂഢാലോചന ഉള്‍പ്പെടെ അന്വേഷിക്കണം. ഇക്കാര്യവും കോടതിയെ ബോധ്യപ്പെടുത്തുമെന്ന് ബന്ധുക്കൾ പറഞ്ഞു. ദിവ്യക്ക് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നായിരുന്നു മഞ്ജുഷ ഇന്നലെ പ്രതികരിച്ചത്.

Post a Comment

Previous Post Next Post